| Tuesday, 9th November 2021, 11:57 am

മുല്ലപ്പെരിയാര്‍ റൂള്‍ കര്‍വ് പുനഃപരിശോധിക്കണം, പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരം; കേരളം സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടത്. പുതിയ അണക്കെട്ട് മാത്രമാണ് ശ്വാശ്വത പരിഹാരമെന്നും കേരളം സുപ്രിം കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ വിശദമായ മറുപടി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേരളത്തോട് നിര്‍ദേശിച്ചിരുന്നു.

അണക്കെട്ടിലെ നിലവിലെ റൂള്‍ കര്‍വ് അംഗീകരിക്കാന്‍ കഴിയില്ല. തമിഴ്നാട് നിര്‍ദേശിച്ചതും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അംഗീകരിച്ചതുമായ റൂള്‍ കര്‍വാണ് നിലവിലുള്ളത്. ഇതു പ്രകാരം നവംബര്‍ 30 ന് പരമാവധി ജലനിരപ്പായ 142 അടിയിലേക്ക് ഉയര്‍ത്തണമെന്ന് റൂള്‍ കര്‍വ് പറയുന്നു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നാണ് കേരളം ചൂണ്ടിക്കാട്ടിയത്.

ശക്തമായ മഴ ഉണ്ടാകുമ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വലിയ തോതില്‍ ജലനിരപ്പ് ഉയരും. അതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന തോതില്‍ നിലനിര്‍ത്തുമ്പോള്‍ ശക്തമായ മഴ ഉണ്ടായാല്‍ ജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കേണ്ടി വരും. ഇടുക്കി അണക്കെട്ടിലും ആ ഘട്ടത്തില്‍ ജലനിരപ്പ് പരമാവധിയില്‍ ആണെങ്കില്‍ അത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

തമിഴ്നാട് തയ്യാറാക്കിയ റൂള്‍ കര്‍വ് പ്രകാരം നവംബര്‍ 30 ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം എന്നാണ്. ഈ റൂള്‍ കര്‍വ് ആണ് ജല കമ്മീഷന്‍ അംഗീകരിച്ചത്. എന്നാല്‍ നവംബര്‍ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറയ്ക്കണം എന്ന് കേരളം ആവശ്യപ്പെടുന്നു. സെപ്റ്റംബറില്‍ 20 ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം എന്ന റൂള്‍ കര്‍വിലെ നിര്‍ദേശം പുനഃപരിശോധിക്കണം എന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

പെരിയാറിലെ മറ്റ് അണക്കെട്ടുകളായ ഇടുക്കി, ഇടമലയാര്‍, കക്കി എന്നിവയ്ക്കായി കേന്ദ്ര ജല കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ള റൂള്‍ കര്‍വ് പ്രകാരം വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് പരമാവധി ജലനിരപ്പില്‍ വെള്ളം സംഭരിക്കാന്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ മുല്ലപെരിയാര്‍ അണക്കെട്ടിനായി കേന്ദ്ര ജലകമ്മീഷന്‍ തയ്യാറാക്കിയ റൂള്‍ കര്‍വില്‍ വര്‍ഷത്തില്‍ രണ്ട് തവണ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുവദിച്ചിട്ടുണ്ടെന്നും കേരളം ആരോപിക്കുന്നു.

അറബിക്കടലില്‍ ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം കേരളത്തില്‍ ഉണ്ടാകുന്ന മഴയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് അഞ്ച് വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് റെക്കോര്‍ഡ് മഴയാണ് ലഭിക്കുന്നത്.

126 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശാശ്വതമായി പരിഹരിക്കാനുള്ള ഏക പോംവഴി പുതിയ അണക്കെട്ട് ആണ്. 1979 ല്‍ തന്നെ കേന്ദ്ര ജലകമ്മീഷന്‍ അധ്യക്ഷന്റെ നേതൃത്വത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും എന്‍ജിനീയര്‍മാര്‍ പുതിയ അണക്കെട്ട് പണിയണം എന്ന നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു എന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് കേന്ദ്ര ജലകമ്മീഷന്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ജോ ജോസഫും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്.

അശ്രദ്ധമായി അണക്കെട്ടിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അണക്കെട്ടിന്റെ റൂള്‍കര്‍വും ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളും ഇതുവരെ അന്തിമമായിട്ടില്ല. സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചല്ല അണക്കെട്ട് പ്രവര്‍ത്തിപ്പിക്കുന്നത് എന്നും ജോ ജോസഫ് സുപ്രീംകോടതിയെ അറിയിച്ചു.

മേല്‍ നോട്ട സമിതിയുടെ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരും ഉടന്‍ സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 10 വരെ 139.5 അടിയായി ക്രമീകരിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.

അതേസമയം, നവംബര്‍ 30 ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ പറഞ്ഞു.മുല്ലപ്പെരിയാറിലെ കാര്യങ്ങള്‍ സുപ്രീം കോടതി പറയുന്നത് അനുസരിച്ചാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേരളവുമായി പ്രശ്നങ്ങള്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more