മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ ഉടന്‍ തീരുമാനമെടുക്കണം, ഇരുസംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തണം; ജലനിരപ്പ് 139 അടിയാക്കേണ്ട സാഹചര്യമുണ്ടോയെന്നും സുപ്രീം കോടതി
India
മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ ഉടന്‍ തീരുമാനമെടുക്കണം, ഇരുസംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തണം; ജലനിരപ്പ് 139 അടിയാക്കേണ്ട സാഹചര്യമുണ്ടോയെന്നും സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th October 2021, 12:33 pm

ന്യൂദല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കേണ്ട അടിയന്തര സാഹചര്യമുണ്ടോയെന്ന് സുപ്രീം കോടതി. മേല്‍നോട്ട സമിതി ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.

ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്നാണ് കേരളത്തിന് വേണ്ടി ഇന്ന് ഹാജരായ അഭിഭാഷകന്‍ ജയദീപ് ഗുപ്ത ആവശ്യപ്പെട്ടത്. മുല്ലപ്പെരിയാര്‍ പരിസരത്ത് വലിയ മഴ ലഭിക്കുന്നുണ്ടെന്നും ഇനിയുള്ള ദിവസങ്ങളില്‍ മഴ കൂടാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനങ്ങളെന്നും അതുകൊണ്ട് ജലനിരപ്പ് 139 അടിയ്ക്ക് മുകളിലേക്ക് ഉയരുന്ന സാഹചര്യം ഉണ്ടാകരുതെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

2018 ലേതുപോലെ 139 അടിയാക്കി ജലനിരപ്പ് നിര്‍ത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നും കേരളം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം അത്തരമൊരു അടിയന്തര സാഹചര്യം മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഇല്ലെന്നാണ് തമിഴ്‌നാട് സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ ഏഴ് മണി വരെ 137.2 അടി വെള്ളമാണ് ഉള്ളത്. ഇപ്പോള്‍ മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തുന്നത് 2220 ക്യൂസെക്‌സ് വെള്ളമാണ്. അതുകൊണ്ട് 139 അടി മുകളിലേക്ക് വെള്ളം ഉയരുന്ന ഗുരുതരമായ സാഹചര്യം ഇല്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

137 അടിയാക്കി തത്ക്കാലം ജലനിരപ്പ് നിര്‍ത്തണമെന്നും അന്തിമ തീരുമാനമെടുത്ത ശേഷം മറ്റുകാര്യം ആലോചിക്കാമെന്നും ആദ്യം കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അത്തരമൊരു അടിയന്തര സാഹചര്യം ഇല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വാദിച്ചതോടെ മേല്‍നോട്ട സമിതിയുമായും കേരളത്തിലെ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി ജലനിരപ്പ് എത്ര അടിയില്‍ നിര്‍ത്തണമെന്ന് തീരുമാനിക്കണമെന്ന് തമിഴ്‌നാടിനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇരു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി ജലനിരപ്പ് എത്ര അടിയാക്കി നിര്‍ത്തണമെന്ന് തീരുമാനിക്കണമെന്നാണ് കോടതി ഇന്ന് നിര്‍ദേശിച്ചത്.

137 അടിയാക്കി ജലനിരപ്പ് നിര്‍ത്തണമെന്ന് കേരളത്തിന്റെ അഭിഭാഷകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ കോടതി അതിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയാണ് ഈ വിഷയം തീരുമാനിക്കേണ്ടതെന്നും അങ്ങനെ തീരുമാനമെടുത്താല്‍ കോടതിക്ക് ഇത്തരം വിഷയങ്ങളില്‍ ഇടപെടേണ്ട സാഹചര്യമുണ്ടാവില്ലെന്നുമായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷം മറ്റന്നാള്‍ കേസ് വീണ്ടും പരിഗണിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mullapperiyar Supreme Court