മുല്ലപ്പെരിയാര്‍: അന്തിമവാദം ഏപ്രില്‍ ഒന്‍പതിന്
Kerala
മുല്ലപ്പെരിയാര്‍: അന്തിമവാദം ഏപ്രില്‍ ഒന്‍പതിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th January 2013, 11:00 am

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസിന്റെ അന്തിമവാദം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഏപ്രില്‍ ഒന്‍പതിലേക്ക് മാറ്റി. കേരളത്തിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് ഏപ്രില്‍ ഒന്‍പതിലേക്ക് മാറ്റിയത്.[]

തമിഴ്‌നാടിന്റെ കൂടി സമ്മതത്തോടെയാണ് സുപ്രീം കോടതി അന്തിമവാദം കേള്‍ക്കുന്നത് ഫെബ്രുവരിയിലേക്ക് മാറ്റിയത്. ഫെബ്രുവരി 19 നായിരുന്നു അന്തിമവാദം തുടങ്ങാനിരുന്നത്.

കേരളത്തിന്റെ അഭിഭാഷകനായ ഹരീഷ് സാല്‍വേയുടെ അസൗകര്യവും ഇരുസംസ്ഥാനങ്ങളും വാദങ്ങള്‍ പരസ്പരം എഴുതി നല്‍കാന്‍ വൈകിയതും കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം.

അതേസമയം ഇരുസംസ്ഥാനങ്ങളും മാര്‍ച്ച് 15 നകം വാദങ്ങള്‍ പരസ്പരം എഴുതി കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു. നേരത്തെ കേസ് അനന്തമായി നീട്ടിവെയ്ക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് കോടതി അന്തിമവാദം ഫെബ്രുവരി 19 ന് തുടങ്ങുമെന്ന് വ്യക്തമാക്കിയത്.

ജസ്റ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇരുസംസ്ഥാനങ്ങള്‍ക്കും വാദങ്ങള്‍ നിരത്താന്‍ അഞ്ച് ദിവസം വീതം ലഭിക്കും.

കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു.ആഴ്ചയില്‍ മൂന്ന് ദിവസമാണ് പൂര്‍ണമായി കേസ് പരിഗണിക്കുക.

കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും അടുത്ത സിറ്റിംഗില്‍ അന്തിമവാദം കേള്‍ക്കുന്ന തീയതി പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ മാസം കോടതി വ്യക്തമാക്കിയിരുന്നു.