തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള വിവാദ ഉത്തരവ് മരവിപ്പിച്ചു. ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
ഉദ്യോഗസ്ഥനെതിരെ കാര്യക്ഷമമായ അന്വേഷണം നടത്തി കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി കഴിഞ്ഞദിവസം തമിഴ്നാട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അനുമതി നല്‍കിയ കേരളത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നന്ദിയും അറിയിച്ചിരുന്നു.
എന്നാല്‍ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്നാണ് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസോ താനോ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥതലത്തിലെടുത്ത ഒരു തീരുമാനമാണെന്നും ഇക്കാര്യത്തില്‍ ഫോറസ്റ്റ് ഓഫീസറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.