| Tuesday, 19th May 2020, 4:24 pm

'സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു, നാളെ മുതല്‍ കേരളം മദ്യശാലയാകും'; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനിടയില്‍ സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡിനെ തുടര്‍ന്ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഇന്ന 57 ദിവസം പൂര്‍ത്തിയാകുന്നവേളയിലും നിരവധി പേരാണ് കഷ്ടപ്പെടുന്നത്. പ്രയാസപ്പെടുന്ന ജനങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതി ദയനീയമായി പരാജയപ്പെട്ടുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

‘പ്രയാസപ്പെടുന്ന ജനങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതി ദയനീയമായി പരാജയപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദുരിതകാലം കൊയ്ത്തു കാലമാണ്. സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ്,’ മുല്ലപ്പള്ളി പറഞ്ഞു.

ബസ്ചാര്‍ജ് വര്‍ധനയും ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി നിരക്കില്‍ പകല്‍ക്കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സര്‍ക്കാര്‍ ബസ് ചാര്‍ജ് വീണ്ടും വര്‍ധിപ്പിച്ചു. 50 ശതമാനമാണ് വര്‍ധനവ്. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്നും 12 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.

വൈദ്യുതി നിരക്കില്‍ ആകമാനം പകല്‍ക്കൊള്ളയാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. വൈദ്യുതി ഓഫീസുകളിലിരുന്നു കൊണ്ട് കുറെ ഉദ്യോഗസ്ഥന്‍മാര്‍ തങ്ങളുടെ ഇഷ്ടാനുസരണം ഇടുന്ന നിരക്കാണ് ഈ നാട്ടിലെ ജനങ്ങള്‍ നല്‍കുന്നത്. സര്‍ക്കാരിന് ഒന്നിലും ഒരു വ്യക്തതയുമില്ല.

ഭൂമിയുടെ ന്യായ വില 10 ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനം അത് ബഡ്ജറ്റ് പ്രഖ്യാപനമാണെങ്കില്‍ പോലും ഈ കൊവിഡ് കൊണ്ടു ആളുകള്‍ കഷ്ടപ്പെടുന്ന കാലത്താണ് അത് രഹസ്യമായി വീണ്ടും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് വഴി രജിസ്‌ട്രേഷന്‍ ഫീസും തതുല്യമായി വര്‍ധിക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

ബീവറേജസ് തുറക്കുന്നതു വഴി കേരളം നാളെ മുതല്‍ മദ്യശാലയായി മാറുമെന്നും മദ്യമേഖല സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നത് കടുത്ത അഴിമതിയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

‘കേന്ദ്ര നിര്‍ദേശം ലംഘിച്ചു കൊണ്ട് വീണ്ടും കേരളത്തില്‍ ബാറുകള്‍ തുറക്കാനൊരുങ്ങുകയാണ്. ബാറുകളുടെ കൗണ്ടറുകള്‍ വഴി മദ്യം വില്‍ക്കുന്നതു മൂലം ബീവറേജസ് കോര്‍പറേഷനു കിട്ടേണ്ട 20 ശതമാനം ലാഭം ബാറുകളുമായി പങ്കുവെക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യം പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയുമൊക്കെ പലതവണ വിശദമായി പറഞ്ഞതാണ്.

38 വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാരിപ്പോള്‍ മദ്യമേഖല മൊത്തത്തില്‍ സ്വകാര്യ മേഖലയ്ക്ക് അടിയറവ് വെക്കാനൊരുങ്ങുന്നത്. ഇത് അഴിമതിയാണ്. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ അഴിമതി നടത്തുകയാണ്. ഈ അഴിമതിയെ സംബന്ധിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്നാണ് കേരളപ്രദേശ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെടുന്നത്. കേരളം നാളെ മുതല്‍ പൂര്‍ണമായും ഒരു മദ്യശാലയായി മാറും,’ മുല്ലപ്പള്ളി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ബെവ്‌കോ വഴി 14200 കോടി രൂപയാണ് ഖജനാവിലേക്ക് വന്നത്. യു.ഡി.എഫ് കാലത്ത് ആകെയുണ്ടായിരുന്ന ബാറുകളുടെ സംഖ്യ 24. ഇപ്പോള്‍ 605 ബാറുകളാണ് സുലഭമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

13 ലക്ഷം കുട്ടികള്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ എഴുതാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. കേരളത്തില്‍ പരീക്ഷകള്‍ മാറ്റമില്ലാതെ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം ആരോട് ചോദിച്ചിട്ട് എടുത്തതാണെന്നും മുല്ലപ്പള്ളി ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more