'മുഖ്യമന്ത്രിക്ക് കണ്ണടച്ച് പാല് കുടിച്ച ഭാവം' മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തില്‍ ആരോപണവിധേയമാകുന്നത് ഇതാദ്യമാണെന്നും മുല്ലപ്പള്ളി
Kerala News
'മുഖ്യമന്ത്രിക്ക് കണ്ണടച്ച് പാല് കുടിച്ച ഭാവം' മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തില്‍ ആരോപണവിധേയമാകുന്നത് ഇതാദ്യമാണെന്നും മുല്ലപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th July 2020, 4:26 pm

തിരുവനന്തപുരം:സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണടച്ച് പാലിക്കുടിച്ച പൂച്ചയുടെ മുഖഭാവമാണ് മുഖ്യമന്ത്രിയുടേതെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ വിവാദ ഇടപാടുകളുടെയൊക്കെ മുഖ്യ ആസൂത്രകനാണ് എം. ശിവശങ്കര്‍ എന്നും മുല്ലപ്പള്ളി പറഞ്ഞു.

” വിവാദങ്ങളുടെ നായകനും മുഖ്യമന്ത്രി നടത്തിയ വിവാദ ഇടപാടുകളുടെ ഒക്കെ മുഖ്യ ആസൂത്രകനുമാണ് എം. ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ്  ഐ.ടി വകുപ്പില്‍  ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിച്ചുകൊണ്ടിരിക്കുന്ന സ്വപ്‌ന സുരേഷ് എന്ന വനിതയെ നിയമിച്ചിട്ടുള്ളത്. എങ്ങനെയാണ് അവരെ നിയമിച്ചത്? എന്താണ് നിയമിക്കാനുള്ള സാഹചര്യം?എന്താണ് നിയമിക്കാനുള്ള മാനദണ്ഡം ?  ഇന്ന് വൈകുന്നേരം സായാഹ്ന പത്രസമ്മേളനം നടത്തുമ്പോള്‍ മുഖ്യമന്ത്രി അത് വിശദീകരിക്കേണ്ടതുണ്ട്,” മുല്ലപ്പള്ളി പറഞ്ഞു.

സംഭവത്തില്‍ സംശയത്തിന്റെ സൂചിമുനകള്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും നേര്‍ക്കുതന്നെയാണ്  നീങ്ങുന്നതെന്നും മുല്ലപ്പള്ളി പപറഞ്ഞു.

” കണ്ണടച്ച് പാല് കുടിച്ച പൂച്ചയുടെ ഭാവമായിരുന്നു ഇന്നലെ പത്രസമ്മേളനം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടേത്.  പ്രിയപ്പെട്ട മുഖ്യമന്ത്രി അങ്ങ് രക്ഷപ്പെടാന്‍ പോകുന്നില്ല. സംശയത്തിന്റെ സൂചിമുന മുഖ്യമന്ത്രിക്കും ഓഫീസിനും നേര്‍ക്കുതന്നെയാണ് നീങ്ങുന്നത്,”

മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തില്‍ ആരോപണവിധേയമാകുന്നത് ഇതാദ്യമാണെന്നും  പി.ഡബ്ല്യൂ.സി കരാറിന്റെ സൂത്രധാരന്‍ ശിവശങ്കറാണെന്നും  സ്വപ്‌നയുടെ നിയമനം അറിയില്ലെന്ന് മുഖ്യമന്ത്രി  പറയുന്നത് തെറ്റാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

യു.എ.ഇ യുമായിട്ടുള്ള കേരളത്തിന്റെ ബന്ധം സുദൃഢമാണെന്ന് പറഞ്ഞ മുല്ലപ്പള്ളി  ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് അന്നം കൊടുക്കുന്നത് യു.എ.ഇ ആണെന്നും  പ്രവാസികളേയും യു.എ.ഇ യും സര്‍ക്കാര്‍ അപമാനിച്ചുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
ആരാണ് സ്വര്‍ണം കൈപ്പറ്റിയത്, എവിടേയ്ക്ക് പോയി, എത്ര ഉന്നതര്‍ക്ക് പങ്കുണ്ട്, എത്ര കോടിയുടെ സ്വര്‍ണം കേരളത്തിലെത്തി, സി.പി.ഐ.എമ്മിനും ഉദ്യോഗസ്ഥര്‍ക്കും എത്ര കമ്മീഷന്‍ കിട്ടി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വിശദീകരിക്കപ്പെടണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ