തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തുടര്‍ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നാളെ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കില്ല.
മുഖ്യമന്ത്രിയുമായുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് സൂചന. കൊടിക്കുന്നില്‍ സുരേഷാവും അദ്ദേഹത്തിന് പകരം യോഗത്തില്‍ എത്തുക.
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സി.പി.ഐ.എമ്മിന് ആത്മാര്‍ത്ഥത ഇല്ലെന്നാണ് മുല്ലപ്പള്ളി ആരോപിച്ചത്. കേരളത്തില്‍ നിലവിലുള്ളത് ഭരണകൂട ഭീകരതയാണെന്നും കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ പറയുന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞിരുന്നു
സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു.
ബെന്നി ബെഹ്നാനും കെ. മുരളീധരനും ഒന്നിച്ചുള്ള സമരത്തെ എതിര്‍ത്തപ്പോള്‍ വി.ഡി സതീശന്‍ സംയുക്ത സമരത്തെ പിന്തുണച്ചിരുന്നു. ഇതേത്തുടര്‍ന്ന് യുഡിഎഫിനുള്ളില്‍ മുല്ലപ്പള്ളിയെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലെ കാര്യങ്ങള്‍ കെ.പി.സി.സി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് കെ സി വേണുഗോപാല്‍ നിലപാട് അറിയിച്ചിരുന്നു.
വിഷയം വിവാദമായതോടെ സംയുക്ത സമരത്തിന് ഇല്ലെന്ന് രമേശ് ചെന്നിത്തലയും നിലപാടെടുത്തു. അതേസമയം പൗരത്വ നിയമത്തിനെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഇന്ന് മഹാറാലിയും പ്രതിഷേധ സംഗമവും നടത്തുന്നുണ്ട്.