|

മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവകരം; ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മയക്കു മരുന്നു കേസില്‍ പ്രതിയായ മുഹമ്മദ് അനൂപുമായി ബിനീഷ് കോടിയേരിക്ക് അടുത്തബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഒപ്പം കൊലപാതക രാഷ്ട്രീയം കേരളത്തിന് അംഗീകരിക്കാനാവില്ലെന്നും സി.പി.ഐ.എം വിചാരിച്ചാല്‍ ഒരു നിമിഷം കൊണ്ട് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സാധിക്കും എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘വെഞ്ഞാറമൂട് കൊലപാതക കാരണം രണ്ട് ഗ്യാങ്ങുകള്‍ തമ്മിലുള്ള കുടിപ്പകയാണ്.ഇതില്‍ കോണ്‍ഗ്രസിന് എന്തുപങ്കാണുള്ളത്. പാര്‍ട്ടി നടത്തിയ അന്വേഷണാടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് ഈ സംഭവുമായി യാതൊരു ബന്ധവുമില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വര്‍ണ്ണക്കള്ളക്കടത്തും രാജ്യദ്രോഹവും അഴിമതിയും ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍പ്പെട്ട് മുഖം നഷ്ടമായ കേരള സര്‍ക്കാരിനും സി.പി.എമ്മിനും വീണുകിട്ടിയ അവസരമായിട്ടാണ് വെഞ്ഞാറമൂട് കൊലപാതകത്തെ അവര്‍ കാണുന്നത്,’ മുല്ലപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

സമുന്നത സി.പി.എം നേതാവിന്റെ മകന്‍ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം
പെരിയ ഇരട്ടക്കൊലയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സി.പി.എമ്മിനാണെന്ന കുറ്റസമ്മതമാണ് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരസ്യപ്രസ്താവനയിലൂടെ പുറത്തുവന്നത്. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പകരംവീട്ടലാണ് വെഞ്ഞാറമൂട് കൊലപതാകമെന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന. പെരിയ ഇരട്ടക്കൊല സി.പി.എം നടത്തിയതാണെന്നാണ് കോടിയേരിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ പ്രതികളുടെ പേരും അദ്ദേഹം വെളിപ്പെടുത്തണം.
കൊലപാതക രാഷ്ട്രീയം കേരളത്തിന് അംഗീകരിക്കാന്‍ സാധ്യമല്ല. സി.പി.എം വിചാരിച്ചാല്‍ ഒരു നിമിഷം കൊണ്ട് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സാധിക്കും. ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ഉണ്ടെങ്കില്‍ ആയുധം താഴെവയ്ക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും തയ്യാറാകണം. അത് ചെയ്യാതെ അക്രമത്തിനെതിരെ സംസാരിക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ധാര്‍മ്മിക അവകാശമില്ല. ഒരു കള്ളം പലതവണ ആവര്‍ത്തിക്കുമ്പോള്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് വെഞ്ഞാറമൂട് കൊലപാതക ശേഷം സി.പി.എം പയറ്റുന്നത്. ആത് പ്രബുദ്ധകേരളം തിരിച്ചറിയുന്നുണ്ട്.
വെഞ്ഞാറമൂട് കൊലപാതക കാരണം രണ്ട് ഗ്യാങ്ങുകള്‍ തമ്മിലുള്ള കുടിപ്പകയാണ്.ഇതില്‍ കോണ്‍ഗ്രസിന് എന്തുപങ്കാണുള്ളത്. പാര്‍ട്ടി നടത്തിയ അന്വേഷണ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് ഈ സംഭവുമായി യാതൊരു ബന്ധവുമില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വര്‍ണ്ണക്കള്ളക്കടത്തും രാജ്യദ്രോഹവും അഴിമതിയും ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍പ്പെട്ട് മുഖം നഷ്ടമായ കേരള സര്‍ക്കാരിനും സി.പി.എമ്മിനും വീണുകിട്ടിയ അവസരമായിട്ടാണ് വെഞ്ഞാറമൂട് കൊലപാതകത്തെ അവര്‍ കാണുന്നത്. സി.പി.എം നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നത് ഓര്‍ക്കുന്നത് നല്ലതാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അക്രമത്തിന്റെ പാതയല്ല കോണ്‍ഗ്രസിന്റേത്. അക്രമം കോണ്‍ഗ്രസിന്റെ നയവുമല്ല. പെരിയയിലും മട്ടന്നൂരിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം കൊലയാളികള്‍ വെട്ടിക്കൊന്നപ്പോള്‍ സംസ്ഥാനത്ത് സി.പി.എമ്മിന്റെ ഒരു ഓഫീസിന് നേരെയും ഒരു കല്ല് പോലും പതിച്ചിട്ടില്ല. അതാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശൈലി. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ആയുധങ്ങളിലൂടെയല്ല പരിഹാരം കാണേണ്ടത്.
ഡി.ഐജിയും ആറ്റിങ്ങള്‍ ഡി.വൈ.എസ്.പിയും ആദ്യം പറഞ്ഞത് രാഷ്ട്രീയ കൊലപാതമാണെന്ന് പറയാറായിട്ടില്ലെന്നാണ്. റൂറല്‍ എസ്.പി അന്വേഷണ ചുമതല ഏറ്റെടുത്തതിന് ശേഷമാണ് ഇരട്ടക്കൊല കേസിന് ഗതിമാറ്റം ഉണ്ടായത്. റൂറല്‍ എസ്.പിയുടെ പഴയകാല ചരിത്രം പരിശോധിക്കണം. കളങ്കിത ഭൂതകാലത്തിന് ഉടമയാണ് ഈ റൂറല്‍ എസ്.പി. സ്വഭാവദൂഷ്യത്തിന് പേരുകേട്ട അദ്ദേഹത്തിന് കണ്‍ഫേര്‍ഡ് ഐ.പി.എസ് നല്‍കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight:Mullappally wants probe against Bineesh Kodiyeri