|

മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് യു.ഡി.എഫിനെ പിന്തുണയ്ക്കണം; നീക്കുപോക്കിന് തയ്യാറെന്ന് മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മഞ്ചേശ്വരം മണ്ഡലത്തില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് നീക്കുപോക്കിന് തയ്യാറാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്നും പകരം എല്‍.ഡി.എഫ് യു.ഡി.എഫിനെ പിന്തുണയ്ക്കണമെന്നുമാണ് മുല്ലപ്പള്ളിയുടെ ആവശ്യപ്പെട്ടത്. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ദുര്‍ബലനാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ശക്തമായ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് ലീഗിനെ പിന്തുണയ്ക്കാമെന്ന് എസ്.ഡി.പി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതുകൊണ്ട് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനാണ് തങ്ങളുടെ തീരുമാനമെന്നുമാണ് എസ്.ഡി.പി.ഐ നേതൃത്വം അറിയിച്ചിരുന്നത്.

എന്നാല്‍ എസ്.ഡി.പി.ഐയുടെ പിന്തുണ തങ്ങള്‍ക്ക് വേണ്ടെന്നും ഒരു വര്‍ഗീയ കക്ഷികളുമായും മുസ്‌ലിം ലീഗ് കൂട്ടുകൂടില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവാഹാജി അറിയിക്കുകയായിരുന്നു.

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ മുസ്‌ലിം ലീഗ് സെക്രട്ടറി എ.കെ.എം അഷ്റഫിനെ കഴിയൂ എന്ന തിരിച്ചറിവിലാണ് പിന്തുണയെന്നായിരുന്നു എസ്.ഡി.പി.ഐ ജില്ലാ നേതൃത്വം വിശദീകരിച്ചത്.

വരും ദിവസങ്ങളില്‍ മുസ്‌ലിം ലീഗിനു വേണ്ടി സജീവമായി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും എസ്.ഡി.പി ഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണ തള്ളി ലീഗ് രംഗത്തെത്തിയത്.

യു.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള എസ്.ഡി.പി.ഐ തീരുമാനത്തില്‍ നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അഭിപ്രായം വ്യക്തമാക്കണമെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പരസ്യപിന്തുണ വാങ്ങുന്നത് രാജ്യദ്രോഹ നടപടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

മൂന്ന് മുന്നണികളും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. 2016ല്‍ വെറും 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലത്തില്‍ ഇക്കുറി സുരേന്ദ്രനെ തന്നെ ഇറക്കി വിജയം നേടാമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mullappally seeks support from LDF in Manjeswaram constituency