| Monday, 22nd July 2019, 3:14 pm

കാര്‍ വിവാദം: ആ ഉപദേശം ജേഷ്ഠസഹോദരന്‍ എന്ന നിലയിലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പിരിവിലൂടെ കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും കെ.പി.സി.സി ഉപദേശം മാനിച്ച് പിന്‍വാങ്ങുന്ന രമ്യാ ഹരിദാസ് എം.പിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

രമ്യ ഒരു എം.പി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്നേഹ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ലെന്നും എന്നാല്‍ എം.പിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു ജേഷ്ഠ സഹോദരന്‍ എന്ന നിലയിലാണ് താന്‍ രമ്യയെ ഉപദേശിച്ചതെന്നും മുല്ലപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചു.

വാഹനം വാങ്ങുന്നത് വിവാദമായ സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റിന്റെ അഭിപ്രായം അനുസരിക്കുന്നുവെന്നും തന്റെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് തന്റെ അവസാന ശ്വാസമെന്നും രമ്യാഹരിദാസ് പറഞ്ഞിരുന്നു. പൊതുജീവിതം സുതാര്യമായിരിക്കുമെന്നും രമ്യാ ഹരിദാസ് പ്രതികരിച്ചു.

രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കുന്നതിനായി പണപ്പിരിവ് നടത്തിയത് ശരിയായില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചിരുന്നു. എം.പിക്ക് കാര്‍ വാങ്ങാന്‍ ലോണ്‍ കിട്ടുമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പിരിവിലൂടെ സ്വന്തമായി കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും കെ.പി.സി.സി ഉപദേശം മാനിച്ച് പിന്‍വാങ്ങുന്നു എന്ന എന്റെ കൊച്ചനുജത്തി രമ്യാ ഹരിദാസ് എം.പിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യും.

ഗാന്ധിയന്‍ മൂല്യങ്ങളില്‍ ആകൃഷ്ടയായി പൊതുരംഗത്ത് കടന്നുവന്ന രമ്യാ ഹരിദാസ് ദുരിതങ്ങളുടേയും കഷ്ടപ്പാടുകളുടേയും അഗ്നിപഥങ്ങളിലൂടെ നടന്നാണ് ഉയരങ്ങള്‍ കീഴടക്കിയത് എന്നതില്‍ നാം എല്ലാവരും അഭിമാനിക്കുന്നു.

ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ തിളക്കമാര്‍ന്ന മുഖമാണ് രമ്യാ ഹരിദാസ്്. രമ്യ ഒരു എം.പി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്‌നേഹ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ല.

ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എം.പിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തി കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു ജേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് ഞാന്‍ രമ്യയെ ഉപദേശിച്ചത്.

ദേശീയപ്രസ്ഥാന കാലത്തെ പ്രോജ്വലമായ മൂല്യബോധമാണ് ഓരോ കോണ്‍ഗ്രസുകാരന്റെയും മൂലധനം. അത് കൈമോശം വരാതെ സൂക്ഷിക്കുകയാണ് പ്രധാനം. രമ്യയ്ക്ക് അത് സാധിക്കുമെന്ന ഉത്തമബോധ്യം എനിക്കുണ്ട്.

യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രമ്യയോട് കാണിച്ച സന്മനസിനെ ഞാന്‍ അഭിനന്ദിക്കുന്നു. രമ്യയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

We use cookies to give you the best possible experience. Learn more