കോഴിക്കോട്: കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം വളരെ വലുതാണ്, എന്നാല്‍ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ പോലും ഇങ്ങനെ പെരുമാറില്ലെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
കോണ്‍ഗ്രസിന്റെ ഈ പോക്ക് അപകടകരമെന്നും, വ്യക്തിയധിഷ്ഠിതമായ രാഷ്ട്രീയമല്ല ഇവിടെ വേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇന്ത്യയെന്ന ആശയം തന്നെ വീണുടയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും, മോദിക്കെതിരെയാണ് പോരാട്ടം നടത്തേണ്ടതെന്നും മുല്ലപ്പള്ളി ഓര്‍മിപ്പിച്ചു.
തെരുവുകളിലേക്കിറങ്ങേണ്ട സമയമാണിത്. ഈ സാഹചര്യത്തിലാണ് പരസ്പരം പോരാടുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തിയ മുല്ലപ്പള്ളി, കെ. മുരളീധരനെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തു. ചിലര്‍ രാവിലെ ഒന്നും ഉച്ചക്ക് വേറൊന്നും പറയുന്നു എന്നായിരുന്നു പരിഹാസം.
ശശി തരൂര്‍ വിവാദത്തില്‍ എ.ഐ.സി.സി ഇടപെടേണ്ട സാഹചര്യം ഇല്ല. കേരളത്തിലെ നേതാക്കള്‍ തന്നെ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ മുന്നൊരുക്കമെന്നോണം ശശി തരൂര്‍ നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തത്കാലം ഇടപെടാനില്ലെന്നാണ് എ.ഐ.സി.സി നിലപാട്.
അടുത്ത ദിവസം തന്നെ കേരളത്തിലെത്തി കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള സ്റ്റിയറിങ് കമ്മിറ്റി അംഗം താരിഖ് അന്‍വര്‍ എ.ഐ.സി.സിക്ക് റിപ്പോര്‍ട്ട് നല്‍കും. രണ്ടും കല്‍പ്പിച്ചുള്ള ശശി തരൂരിന്റെ നീക്കത്തില്‍ കേന്ദ്ര നേതൃത്വത്തിന് അമര്‍ഷമുണ്ടെങ്കിലും പരസ്യമായി ആരും രംഗത്തെത്തിയിട്ടില്ല.
അതിനിടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ നടത്തിയ പരിപാടി വിവാദമാക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് ആവര്‍ത്തിച്ച് ശശി തരൂര്‍ വീണ്ടും രംഗത്തെത്തി. ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുമെന്നും അത് വിവാദമാക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വടക്കന്‍ കേരളത്തിലെ നാല് ദിവസത്തെ സന്ദര്‍ശന പരിപാടികള്‍ പൂര്‍ത്തിയാകുമ്പോള്‍ തരൂരിന് പാര്‍ട്ടിയില്‍ പിന്തുണ ഏറുകയാണ്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നാല് ദിവസങ്ങളിലായി നടന്ന എല്ലാ പരിപാടികളിലും വന്‍ സ്വീകരണമാണ് തരൂരിന് ലഭിച്ചത്.
കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ശശി തരൂരിന്റെ പരിപാടിയില്‍ നിന്ന് ജില്ലാ യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതീണ് വലിയ വിവാദങ്ങള്‍ക്ക് ഇടവെച്ചത്.
അതേസമയം, ചൊവ്വാഴ്ചത്തെ കണ്ണൂരിലെ വിവിധ പരിപാടികളോടെ തരൂരിന്റെ മലബാര്‍ പര്യടനം അവസാനിക്കുകയാണ്.