| Monday, 19th April 2021, 5:55 pm

'ചെറിയാന്‍ ഫിലിപ്പിന് വേണ്ടി മുഖപ്രസംഗം എഴുതേണ്ടിയിരുന്നില്ല'; വീക്ഷണത്തോട് വിശദീകരണം ചോദിച്ച് മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം നേതാവ് ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് മുഖ പ്രസംഗമെഴുതിയതില്‍ അതൃപ്തി അറിയിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ചെറിയാന്‍ ഫിലിപ്പിന് വേണ്ടി മുഖപത്രം എഴുതേണ്ടിയിരുന്നില്ല എന്നും മുല്ലപ്പള്ളി പറഞ്ഞു.

ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ ജോസഫിനോട് വിഷയത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശദീകരണം ചോദിക്കുകയും ചെയ്തു.

അതേസമയം ചെറിയാന്‍ ഫിലിപ്പിനെ ഉപാധികളില്ലാതെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നായിരുന്നു മുല്ലപ്പള്ളി നേരത്തെ പറഞ്ഞിരുന്നത്. കോണ്‍ഗ്രസിലേക്ക് ആരുവന്നാലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആരെയും സ്വീകരിക്കും. കോണ്‍ഗ്രസിലേക്ക് വരാന്‍ തീരുമാനിച്ചാല്‍ ചര്‍ച്ച നടത്താമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാന്‍ ചെറിയാന്‍ ഫിലിപ്പ് തയ്യാറുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

ചെറിയാന്‍ ഫിലിപ്പിന് സി.പി.ഐ.എം രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ പരിഹസിച്ചു കൊണ്ടായിരുന്നു വീക്ഷണം പത്രം എഡിറ്റോറിയല്‍ എഴുതിയത്. തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും മുഖപത്രം പറഞ്ഞിരുന്നു.

മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് വിമതനായി വേഷംകെട്ടിച്ച് തുടലിട്ട കുരങ്ങനെപ്പോലെ ‘ചാടിക്കളിക്കട കുഞ്ഞിരാമാ’ എന്നു പറഞ്ഞ് ചുടുചോറ് മാന്തിച്ച ചെറിയാന്‍ ഫിലിപ്പിനെ സി.പി.ഐ.എം വീണ്ടും വഞ്ചിച്ചെന്നായിരുന്നു വീക്ഷണം എഡിറ്റോറിയലില്‍ പറഞ്ഞത്.

വിമതരെ സ്വീകരിക്കുന്നതില്‍ സി.പി.ഐ.എമ്മിന് എന്നും ഇരട്ടത്താപ്പുണ്ടായിരുന്നെന്നും കെ.ടി ജലീലിനും ടി.കെ ഹംസക്കും ലഭിച്ച പരിഗണന ചെറിയാന്‍ ഫിലിപ്പിന് സി.പി.ഐ.എം നല്‍കിയില്ലെന്നും മുഖപത്രം പറഞ്ഞുവെക്കുന്നു.

കോണ്‍ഗ്രസിനെ ചതിച്ച ചെറിയാന്‍ ഫിലിപ്പിനെ സി.പി.ഐ.എം ചതിക്കുകയായിരുന്നു. മറുകണ്ടം ചാടിവരുന്നവരുടെ ചോര പരമാവധി ഊറ്റിക്കുടിച്ച് എല്ലും തൊലിയും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയെ പോലെയാണ് സി.പി.ഐ.എം എന്നും മുഖപ്രസംഗം ആരോപിച്ചു.

സി.പി.ഐ.എമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടിവന്ന ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസിന്റെ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു. എ.കെ.ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും എതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ സാമാന്യ മര്യാദ പോലും മറന്നുപോയിരുന്നെന്നും വീക്ഷണം ഓര്‍മിപ്പിച്ചു. ഈ തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നായിരുന്നു എഡിറ്റോറിയലില്‍ പറഞ്ഞത്.

സി.പി.ഐ.എം രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് പിറകേ സജീവ രാഷ്ട്രീയം വിട്ട് താന്‍ പുസ്തക രചനയിലേക്ക് കടക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mullappally Ramachandran seeks explanation from Jaison Joseph

Latest Stories

We use cookies to give you the best possible experience. Learn more