| Wednesday, 16th December 2020, 5:21 pm

സി.പി.ഐ.എം അധികം ആഹ്ലാദിക്കേണ്ട, ഫലം മുഴുവനും പുറത്ത് വരട്ടെ; 2015നേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി കോണ്‍ഗ്രസിനെതിരല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം മുന്നേറ്റം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

2015ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ യു.ഡി.എഫിന് മുന്നേറ്റമുണ്ടാക്കാനായെന്നും മുല്ലപ്പള്ളി പറഞ്ഞു.

‘തെരഞ്ഞെടുപ്പ് വിധി കോണ്‍ഗ്രസിനും യു.ഡി.എഫിനും എതിരാണെന്ന ആരോപണം ശരിയല്ല. അതുപറയാന്‍ നിരവധി കാരണങ്ങളുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. 2015 ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍
ഗ്രാമ പഞ്ചായത്തുകളിലും മുന്‍സിപാലിറ്റികളിലും കോര്‍പറേഷന്‍ പ്രദേശങ്ങളിലും മികച്ച പ്രകടനം തന്നെ കാഴ്ച വെക്കാന്‍ യു.ഡി.എഫിന് സാധിച്ചു. ഗ്രാമ പഞ്ചായത്തില്‍ 2015ല്‍ 365 പഞ്ചായത്താണ് ലഭിച്ചത്. ഇത്തവണ വളരെ മുന്നോട്ട് പോയിട്ടുണ്ട്,’ മുല്ലപ്പള്ളി പറഞ്ഞു.

കോര്‍പറേഷനിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചു. തെരഞ്ഞെടുപ്പില്‍ അന്തിമ ഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗൗരവ പൂര്‍ണമായി തന്നെ ഈ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നു. നാളെ രാഷ്ട്രീയകാര്യ സമിതിയോഗം ചേരും. വളരെ വിശദമായി പരിശോധിക്കാന്‍ തയ്യാറെടുത്തിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിനും എല്‍.ഡി.എഫിനും അമിതമായി ആഹ്ലാദിക്കാന്‍ ഒന്നുമില്ല. ജനങ്ങളെ വലിയ രീതിയില്‍ തെറ്റിധരിപ്പിക്കുന്ന പ്രകടനമാണ് സി.പി.ഐ.എം നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയം അംഗീകരിക്കുന്നെന്നും യു.ഡി.എഫിന് സംഘടനാ ദൗര്‍ബല്യമുണ്ടെന്നുമായിരുന്നു എം. പി കെ. സുധാകരന്‍ നേരത്തെ പറഞ്ഞത്. നിലവില്‍ 377 ഗ്രാമപഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നേറിക്കൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mullappally Ramachandran says that mandate is not against UDF
We use cookies to give you the best possible experience. Learn more