| Tuesday, 3rd November 2020, 11:45 am

ഭരണകൂട ഭീകരത അഴിച്ചുവിട്ട് യുവാക്കളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നു; എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നത് പത്തോളം വ്യാജ ഏറ്റുമുട്ടലുകള്‍: മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നക്‌സല്‍ പ്രസ്ഥാനങ്ങളിലേക്ക് പോകുന്ന യുവാക്കളെ ഭരണകൂട ഭീകരത അഴിച്ചുവിട്ട് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പത്തോളം വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പടിഞ്ഞാറത്തറയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

കെ.പി.സി.സി സംഭവത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

‘കല്‍ക്കത്ത തീസിസിന്റെ കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആരംഭിച്ച സായുധ സമരത്തിന്റെ പാതയാണ് അവര്‍ സ്വീകരിച്ചത്. ആ ചെറുപ്പക്കാരെയാണ് മനുഷ്യത്വഹീനമായി എല്ലാ മര്യാദകളെയും നിയമങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് ഭരണകൂടഭീകരത അഴിച്ചുവിട്ട് വേട്ടയാടുകയും അവരെ സംഘട്ടനത്തില്‍ കൊന്നു എന്ന് പറഞ്ഞ് കൊണ്ട് വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കുകയും ചെയ്യുന്നത്. കെ.പി.സി.സി ശക്തമായി ഈ സംഭവത്തെ അപലപിക്കുന്നു,’ മുല്ലപ്പള്ളി പറഞ്ഞു.

നക്‌സലേറ്റ് പ്രസ്ഥാനത്തെ നേരിടേണ്ടത് തോക്കുകൊണ്ടും ലാത്തികൊണ്ടും അല്ലെന്നും സാമ്പത്തിക സാമൂഹിക മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന നടപടികളാണ് വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

‘ഇപ്പോഴും മലയോര പ്രദേശങ്ങളില്‍ ആദിവാസി ഊരുകളില്‍ പട്ടിണിയും ദാരിദ്ര്യവും ഉണ്ട്. അത് ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കള്‍ പോകുന്നത്. നക്‌സലേറ്റ് പ്രസ്ഥാനത്തെ നേരിടേണ്ടത് തോക്കുകൊണ്ടും ലാത്തികൊണ്ടും അല്ല. സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന നടപടികളാണ് വേണ്ടത്. പട്ടിണി അവസാനിപ്പിക്കണം. തൊഴില്‍ ഉണ്ടാക്കണം. അതിനുപകരം വ്യാജ ഏറ്റുമുട്ടല്‍ നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല,’ മുല്ലപ്പള്ളി പറഞ്ഞു.

പടിഞ്ഞാറത്തറ സ്റ്റേഷന്‍ പരിധിയിലുള്ള മീന്‍മുട്ടി വാളരം കുന്നിലാണ് വെടിവെപ്പ് നടന്നതെന്നാണ് സൂചനകള്‍. ഒരു മാവോയിസ്റ്റിന് കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചിട്ടുണ്ട്. പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തണ്ടര്‍ബോള്‍ട്ട് സംഘവുമായാണ് ഏറ്റുമുട്ടലുണ്ടായത്.

സംഘത്തിലുണ്ടായിരുന്നത് മൂന്ന് പേരാണെന്നും അവര്‍ വെടിവെച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. തിരിച്ചുള്ള വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്നും പൊലീസ് പറയുന്നു.

ആരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞിട്ടില്ല. 35 വയസുള്ള പുരുഷനാണ് കൊല്ലപ്പെട്ടതെന്ന സൂചനകളുണ്ട്. 303 റൈഫിളാണ് ഉപയോഗിച്ചെന്നും തണ്ടര്‍ബോള്‍ട്ട് സംഘത്തെ ആക്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്.

അതേസമയം വെടിവെപ്പിന് പ്രകോപനം അടക്കമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. കഴിഞ്ഞ ദിവസം തിരുനെല്ലി വനത്തിനകത്ത് തണ്ടര്‍ബോള്‍ട്ട് സംഘം പരിശോധന നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ടാണോ ഏറ്റുമുട്ടല്‍ എന്നതില്‍ വ്യക്തതയില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mullappally Ramachandran says fake encounter is held at Wayanad today

We use cookies to give you the best possible experience. Learn more