| Sunday, 10th November 2019, 11:59 am

'വെടിയേറ്റു വീണ പൂമരങ്ങള്‍'; മാവോയിസ്റ്റ് വേട്ടയ്ക്കും യു.എ.പി.എ ചുമത്തലിനും എതിരെ മോദി-പിണറായി താരതമ്യവുമായി മുല്ലപ്പള്ളിയുടെ ലേഖനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പാലക്കാട്ട് നടന്ന മാവോയിസ്റ്റ് വേട്ടയ്ക്കും അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്ക് യു.എ.പി.എ ചുമത്തിയതിനും എതിരെ കോണ്‍ഗ്രസ് മുഖപത്രമായ ‘വീക്ഷണ’ത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ലേഖനം. ‘വെടിയേറ്റു വീണ പൂമരങ്ങള്‍’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. ‘നിലപാട്’ എന്ന കോളത്തിലാണ് മുല്ലപ്പള്ളിയുടെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂട്ടുകെട്ടിന്റെയും ധാരണയുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാവോയിസ്റ്റ് വേട്ടയും യു.എ.പി.എ ചുമത്തലുമെന്നു പറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത്. ലേഖനം മുല്ലപ്പള്ളിയും കെ.പി.സി.സിയും ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്.

യു.എ.പി.എ നിയമത്തിനെതിരെയും മാവോയിസ്റ്റുകളെ കൊന്നൊടുക്കുന്നതിനെതിരെയും അതിശക്തമായി രംഗത്തുവന്നിട്ടുള്ള സി.പി.ഐ.എം, അവര്‍ ഭരിക്കുന്ന ഏക സംസ്ഥാനത്താണ് ഏഴ് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതും യു.എ.പി.എ ചുമത്തി രണ്ടുപേരെ ജയിലില്‍ അടച്ചതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘വ്യാജ ഏറ്റുമുട്ടലിന്റെയും യു.എ.പി.എയുടെയും ഉസ്താദാണല്ലോ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അതിന്റെ കേരളാ പതിപ്പായി പിണറായിയും.’- ലേഖനത്തില്‍ പറയുന്നു. ഈ വിഷയങ്ങളില്‍ സി.പി.ഐ സ്വീകരിച്ച നിലപാടിനെ മുല്ലപ്പള്ളി പരിഹസിക്കുകയും ചെയ്തു.

മനുഷ്യാവകാശമെന്ന മുഖംമൂടി അണിഞ്ഞാണ് സി.പി.ഐ രംഗത്തുവന്നതെന്നും ഓന്ത് ഓടിയാല്‍ വേലിവരെ എന്നറിയാവുന്ന മുഖ്യമന്ത്രിയാകട്ടെ, പതിവു പോലെ സി.പി.ഐയുടെ പ്രതിഷേധം ഗൗനിക്കുന്നതേയില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൂന്ന് വ്യാജ ഏറ്റുമുട്ടലുകളാണു നടന്നതെന്നും ഏഴ് മാവോയിസ്റ്റുകളാണ് അതില്‍ കൊല്ലപ്പെട്ടതെന്നും അ്തില്‍ പറയുന്നു. മലപ്പുറം കരുളായി, ലക്കിടി, അഗളി എന്നിവിടങ്ങളില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് അദ്ദേഹം വിശദമായി പറയുന്നുമുണ്ട്.

ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍:

‘ഒരു കരിനിയമം എന്ന് സി.പി.ഐ.എമ്മും ഇടതുപാര്‍ട്ടികളും വിശേഷിപ്പിച്ച യു.എ.പി.എ നിയമം അധികാരം കിട്ടിക്കഴിഞ്ഞപ്പോള്‍ അവര്‍ക്കു തേന്‍തുള്ളിയായി അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതുകൊണ്ടാണല്ലോ, അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ യുവാക്കളെ ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യും എഡഗര്‍ സനോയുടെ ‘റെഡ് സ്റ്റാര്‍ ഓവര്‍ ചൈന’യും കൈവശം വെച്ചതിന് യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തത്. ഇവരെന്തെങ്കിലും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ഇതുവരെ ആര്‍ക്കും അറിയില്ല.

മേല്‍പ്പറഞ്ഞ രണ്ടു പുസ്തകങ്ങശളും കൈവശം വെയ്ക്കുന്നതിന് അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ ഒട്ടുമിക്ക നേതാക്കളും വൈകാതെ ജയിലില്‍പ്പോകേണ്ടി വരും.

ചിന്താസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവുമൊക്കെ ഭരണഘടനാപരമായി ജനങ്ങള്‍ക്കു നല്‍കിയിട്ടുള്ള ഒരു രാജ്യത്താണ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്.

രാജ്യത്തെ ഏറ്റവും പിന്നാക്ക പ്രദേശങ്ങളിലാണ് മാവോയിസ്റ്റുകളുടെ വിഹാരരംഗം. അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റവുമധികം അറിയാവുന്നയാളാണ് എ.കെ ബാലന്‍. എന്നാല്‍ ഒന്നിലധികം തവണ മന്ത്രിയാകുകയും പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ എത്തുകയുമൊക്കെ ചെയ്തതോടെ മന്ത്രി താന്‍ വന്ന വഴികള്‍ മറന്നിരിക്കുന്നു. ചീഫ് സെക്രട്ടറിയുടെയും മന്ത്രിയുടെയുമൊക്കെ നാവുകള്‍ ഒന്നാകുന്നു. ഇതാണോ ശരിയായ ഇടതുപക്ഷമെന്നു ബന്ധപ്പെട്ടവര്‍ ആലോചിക്കണം.

മാവോയിസ്റ്റുകളുടെ ഉന്മൂല സിദ്ധാന്തത്തെ കോണ്‍ഗ്രസും പിന്തുണയ്ക്കുന്നില്ല. പക്ഷേ, മനുഷ്യാവകാശമാണ് ഏറ്റവും വലിയ അവകാശം. അതു നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ല.’

സി.പി.ഐ.എമ്മുകാരുടെ ഇടയില്‍ പാടിപ്പതിഞ്ഞ ഒരു വിപ്ലവഗാനമുണ്ട്. അതവരെ ഒന്നോര്‍മിപ്പിക്കുന്നു എന്നു പറഞ്ഞ്, ‘ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നവന്ന പൂമരം’ എന്ന വരികളോടെയാണു ലേഖനം അവസാനിക്കുന്നത്.

We use cookies to give you the best possible experience. Learn more