കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും എം.പിയുമായിരുന്ന എം.ഐ ഷാനവാസിന്റെ ഓര്‍മ്മയില്‍ വിതുമ്പി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച അനുശോചനയോഗത്തിലാണ് സഹപ്രവര്‍ത്തകനൊപ്പം ചിലവഴിച്ച അവസാനനിമിഷത്തെക്കുറിച്ച് മുല്ലപ്പള്ളി ഓര്‍ത്തെടുത്തത്.
മുല്ലപ്പള്ളിയുടെ വാക്കുകള്‍:-
“ഒരിക്കല്‍ തൈക്കാട്ടുള്ള ഗസ്റ്റ് ഹൗസില്‍ ഞാന്‍ താമസിക്കുന്ന മുറിയില്‍ ഒന്നും പറയാതെ രാവിലെ 7 മണിയ്ക്ക് അദ്ദേഹം വരികയുണ്ടായി. വന്നിട്ട് അദ്ദേഹം കുറെ കാര്യങ്ങള്‍ സംസാരിച്ച് പോകുമ്പോള്‍ എന്നോട് പറഞ്ഞു ഞാന്‍ മുല്ലപ്പള്ളിയേയും ഭാര്യയേയും മക്കളേയും കാണാനാണ് വന്നിരിക്കുന്നത്. പിന്നീട് അവരോട് മറ്റൊരു മുറിയിലേക്ക് പോകാന്‍ പറഞ്ഞ് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു.
ഞാന്‍ പറഞ്ഞു ഷാനവാസിന്റെ ജീവിതം ഒരു മിറാക്കിളാണ്, ഇങ്ങനെ ഒരുപാട് ഘട്ടത്തില്‍ അസുഖമുണ്ടായപ്പോഴൊക്കെ അത്ഭുതകരമായി രക്ഷപ്പെട്ടു വന്നയാളാണ് ഷാനവാസ് എന്ന് പറഞ്ഞപ്പോള്‍ ഒരിക്കല്‍ പോലും എന്റെ മുന്നില്‍, ഞങ്ങളുടെ മുന്നില്‍ കരഞ്ഞിട്ടില്ലാത്ത ഷാനവാസ് എല്ലാ നിയന്ത്രണങ്ങളും വിട്ട് പൊട്ടിക്കരഞ്ഞ് കൊണ്ട് എന്നോട് പറഞ്ഞു… ഇനി നമ്മള്‍ കാണുമെന്ന് തോന്നുന്നില്ല. എന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞു, ഞാനത് വിശ്വസിച്ചില്ല”.
മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസംഗം കാണം
അനുശോചനയോഗത്തില്‍ രമേശ് ചെന്നിത്തലയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിരുന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഷാനവാസിന്റെ മൃതദേഹം കൊച്ചി കലൂര്‍ തോട്ടത്തുംപടി ജുമാമസ്ജിദിലാണ് കബറടക്കിയത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം.
ഇന്നലെ പുലര്‍ച്ച ഒന്നരയോടെയാണ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും വയനാട് എം.പിയുമായ എം.ഐ ഷാനവാസ് (67) അന്തരിച്ചത്.
കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 31നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ രണ്ടിനായിരുന്നു ശസ്ത്രക്രിയ നടത്തിയിരുന്നത്.
ആണവ കരാറിന്റെ സമയത്തെല്ലാം ദേശീയ ചാനലുകളിലടക്കം കോണ്‍ഗ്രസിന്റെ നാവായി ഷാനവാസ് എം.പി സജീവമായിരുന്നു.
ALSO READ: എസ്.പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് പരാതി നല്‍കി ശ്രീധരന്‍ പിള്ള
തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പില്‍ അഡ്വ. എം.വി.ഇബ്രാഹിംകുട്ടിയുടേയും നൂര്‍ജഹാന്‍ ബീഗത്തിന്റേയും മകനായി 1951 സെപ്റ്റംബര്‍ 22 ന് കോട്ടയത്താണ് ഷാനവാസ് ജനിച്ചത്. വിദ്യാര്‍ഥിയായിരിക്കെ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും എറണാകുളം ലോ കോളേജില്‍ നിന്ന ്എല്‍.എല്‍.ബിയും അദ്ദേഹം നേടി.
2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം നേടി വിജയിച്ചത് ഷാനവാസായിരുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ സത്യന്‍ മൊകേരിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം രണ്ടാമതും പാര്‍ലമെന്റിലെത്തിയത്.
WATCH THIS VIDEO: