'ഞാനോ, വെല്‍ഫയര്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ പങ്കുവെച്ചോ!, ഒരിക്കലുമില്ലെന്ന് മുല്ലപ്പള്ളി ; മാധ്യമപ്രവര്‍ത്തകന്‍ തെളിവ് കാണിച്ചതോടെ ഇനി ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപനം
കോഴിക്കോട്: വിവാദങ്ങള്‍ക്ക് പിറകെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം തള്ളിപ്പറയുമ്പോഴും മലപ്പുറം ജില്ലയിലെ പര്യടനത്തിനിടെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കൊപ്പമുള്ള ഫോട്ടോയെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനാവതെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് ഒരു സഖ്യവുമില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കും മലപ്പുറത്തെ വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കും ഒപ്പമുള്ള മുല്ലപ്പള്ളിയുടെ ഫോട്ടോയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താന്‍ അങ്ങനെയൊരു ഫോട്ടോ ഇട്ടിരുന്നോ എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുചോദ്യം.
” എന്റെ ഫേസ്ബുക്ക് പേജിലോ, ഞാന്‍ ഇട്ടിരിക്കുന്നോ? ഒന്ന് കാണിക്കാമോ?’ എന്നായിരുന്നു മുല്ലപ്പള്ളി ചോദിച്ചത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ചിത്രം കാണിച്ചപ്പോള്‍ താന്‍ അറിയാതെയാണെന്നായിരുന്നു മറുപടി. ആ ചടങ്ങില്‍ ഇക്കാര്യം തന്റെ ശ്രദ്ധയില്‍ ആരും കൊണ്ടുവന്നില്ലെന്നും ഗുരുതരമായ വീഴ്ചയാണെന്നും പറഞ്ഞ മുല്ലപ്പള്ളി കോണ്‍ഗ്രസുമായി ആ സ്ഥാനാര്‍ത്ഥിക്ക് യാതൊരുബന്ധവുമില്ലെന്നും വിശദീകരിച്ചു.
” ഇപ്പോള്‍ ഞാന്‍ പ്രഖ്യാപിക്കുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി യാതൊരു ബന്ധവും ആ സ്ഥാനാര്‍ത്ഥിക്ക് ഉണ്ടാവുകയില്ല,” മുല്ലപ്പള്ളി പറഞ്ഞു.
കാലിക്കറ്റ് പ്രസ് ക്ലബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.