സീറ്റ് ലഭിക്കാത്തതിന് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ?, അതിന് മറ്റെന്തെങ്കിലും കാരണം കാണും; ലതികാ സുഭാഷിന്റെ രാജിയില്‍ മുല്ലപ്പള്ളി
Kerala News
സീറ്റ് ലഭിക്കാത്തതിന് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ?, അതിന് മറ്റെന്തെങ്കിലും കാരണം കാണും; ലതികാ സുഭാഷിന്റെ രാജിയില്‍ മുല്ലപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th March 2021, 5:47 pm

തിരുവനന്തപുരം: ഏറ്റുമാനൂര്‍ സീറ്റ് ലതികാ സുഭാഷ് നല്‍കാന്‍ സാധിക്കാതിരുന്നത് അത് ഘടകകക്ഷിക്ക് നല്‍കേണ്ടി വന്നത്‌കൊണ്ട് മാത്രമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

എന്തിനാണ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്യുന്നത് എന്ന് അറിയില്ലെന്നും അത് അവര്‍ തന്നെ പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അവഗണിച്ചുകൊണ്ട് കൊടുക്കാതിരുന്നതല്ല ആ മണ്ഡലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റുമാനൂര്‍ സീറ്റ് നല്‍കാന്‍ സാധിക്കാതിരുന്നത് അത് ഘടകക്ഷിക്ക് നല്‍കേണ്ടി വന്നതുകൊണ്ടാണ്. അത് അവര്‍ക്കും ബോധ്യപ്പെട്ട കാര്യമാണ്. അല്ലാതെ ഏതെങ്കിലും തരത്തില്‍ അവഗണിച്ചതല്ല. തലമുണ്ഡനം ചെയ്തത് എന്തിനാണെന്ന് അവരോട് തന്നെ ചോദിക്കണം.

പ്രഖ്യാപിച്ച് കഴിഞ്ഞ ലിസ്റ്റ് എങ്ങനെ പുന പരിശോധിക്കാനാണ്? ബാക്കിയുള്ള സീറ്റുകളിലൊന്നിലേക്ക് അവരെ നിര്‍ത്തുന്ന കാര്യം ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ലതികാ സുഭാഷുമായി പലഘട്ടങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഇനിയും ചര്‍ച്ച നടത്തും. ഒരു സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതുകൊണ്ട് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ? അത് വേറെന്തെങ്കിലും കാരണം കൊണ്ട് തലമുണ്ഡനം ചെയ്തതായിരിക്കുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ചാണ് ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് തലമുണ്ഡമനം ചെയ്യുകയായിരുന്നു.

മഹിളാ കോണ്‍ഗ്രസ് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നാണ് ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞത്.

കെ.പി.സി.സി അധ്യക്ഷന്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക കേള്‍ക്കുകയായിരുന്നു. ഒരു വനിത എന്ന നിലയില്‍ ഏറെ ദുഃഖമുണ്ട്. ഇത്തവണ മഹിളാ കോണ്‍ഗ്രസ് 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 20 ശതമാനം ലഭിച്ചില്ലെങ്കിലും ഒരു ജില്ലയില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ 14 പേര്‍ എങ്കിലും നിര്‍ത്താമായിരുന്നു.

നിരവധി സ്ത്രീകള്‍ കാലങ്ങളായി മഹിളാ കോണ്‍ഗ്രസിന് വേണ്ടി പണിയെടുക്കുന്നുണ്ട്. മഹിളാ കോണ്‍ഗ്രസ് മുന്‍ സെക്രട്ടറി രമണി പി നായരുള്‍പ്പെടെയുള്ളവര്‍ തഴയപ്പെട്ടിട്ടുണ്ട്. അന്‍സജിതയുടെ പേര് വന്നതില്‍ സന്തോഷമുണ്ട്.

ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ മത്സരിക്കാനായി ലതികാ സുഭാഷിന്റെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ ലതികാ സുഭാഷ് ഉമ്മന്‍ചാണ്ടിയോട് എതിര്‍പ്പ് അറിയിച്ചിരുന്നു.

എന്നാല്‍ തനിക്ക് ജയസാധ്യത ഉണ്ടായിരുന്ന മണ്ഡലത്തില്‍ നീക്കുപോക്ക് ആകാമായിരുന്നുവെന്ന് ലതികാ സുഭാഷ് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക വന്ന ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mullappally Ramachandran on Lathika Subhash’s shaving head