മേജര്‍ രവി, മോദി അനുകൂല പ്രസ്താവനകള്‍ നടത്തിയെങ്കില്‍ രാജ്യസ്‌നേഹിയായതുകൊണ്ട്, കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചത് ന്യൂനപക്ഷ പ്രീണനത്തിന്റെ പേരില്‍; മുല്ലപ്പള്ളി ഷെയര്‍ ചെയ്ത ലേഖനം
കോഴിക്കോട്: സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസുകാരനായിരുന്നുവെന്ന ലേഖനം പങ്കുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ‘മേജര്‍ രവി കോണ്‍ഗ്രസിലേക്ക് ചേക്കേറിയതല്ല, അദ്ദേഹം കോണ്‍ഗ്രസുകാരന്‍ ആയിരുന്നു’, എന്ന തലക്കെട്ടില്‍ കാന്‍ ചാനല്‍സ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് മുല്ലപ്പള്ളി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
‘മേജര്‍ രവി, മോദി അനുകൂല പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹം തികഞ്ഞൊരു രാജ്യസ്‌നേഹിയായതുകൊണ്ടുമാത്രമാണ്. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളെയെങ്കിലും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് ന്യൂനപക്ഷ പ്രീണനത്തിന്റേയോ രാജ്യവിരുദ്ധ പ്രസ്താവനകളുടേയോ പേരിലായിരുന്നു’, എന്ന് ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
വിദ്യാഭ്യാസ കാലത്ത് കെ.എസ്.യു പ്രവര്‍ത്തകനാണ് മേജര്‍ രവിയെന്നും ലേഖനം പറഞ്ഞുവെക്കുന്നു. മേജര്‍ രവിയുടെ മാതാ-പിതാക്കള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നുവെന്നും ലേഖനത്തിലുണ്ട്.
നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന ഐശ്വര്യ കേരളയാത്രയുടെ വേദിയില്‍ മേജര്‍ രവിയും ഉണ്ടായിരുന്നു. പിണറായിയുടെ ധാര്‍ഷ്ട്യം ഇനിയും കേരളത്തിലെ ജനങ്ങള്‍ക്ക് സഹിക്കാന്‍ പറ്റില്ലെന്നും പിണറായിയേക്കാള്‍ മികച്ച നേതാവ് രമേശ് ചെന്നത്തലയാണെന്നും പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ മേജര്‍ രവി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കേരളത്തില്‍ ബി.ജെ.പിക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് വേദി വിട്ട ഉടനെ മേജര്‍ രവിയുടെ പ്രതികരണം.
കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തില്ലെന്ന് എങ്ങനെ പറയുമെന്നും ഇന്ത്യയില്‍ ബി.ജെ.പി 300-320 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് നിങ്ങള്‍ വിചാരിച്ചിട്ടുണ്ടോ എന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള മേജര്‍ രവിയുടെ ചോദ്യം.
മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കുവെച്ച ലേഖനം
മേജര്‍ രവി കോണ്‍ഗ്രസിലേയ്ക്ക് ചേക്കേറിയതല്ല, അദ്ദേഹം കോണ്‍ഗ്രസുകാരന്‍ ആയിരുന്നു
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയില്‍ മേജര്‍ രവി പങ്കെടുത്തതോടെ അദ്ദേഹം ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിലേയ്ക്ക് ചേക്കേറി എന്ന രീതിയിലുള്ള പ്രചരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
എന്നാല്‍ മേജര്‍ രവിയെ അടുത്തറിയുന്ന ആരും അദ്ദേഹം ബി.ജെ.പികാരനായിരുന്നുവെന്ന് വിശ്വസിക്കില്ല. എന്തിന് കേരളത്തിലെ ബി.ജെ.പി. നേതൃത്വത്തിനുപോലും അങ്ങനെയൊരു ധാരണ ഇല്ല. മേജര്‍ രവി, മോദി അനുകൂല പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹം തികഞ്ഞൊരു രാജ്യസ്‌നേഹിയായതുകൊണ്ടുമാത്രമാണ്.
കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളെയെങ്കിലും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് ന്യൂനപക്ഷ പ്രീണനത്തിന്റെയോ രാജ്യവിരുദ്ധ പ്രസ്താവനകളുടെയോ പേരിലായിരുന്നു. നാളെ മേജര്‍ രവി കോണ്‍ഗ്രസ് സീറ്റില്‍ നിന്ന് മത്സരിച്ച് വിജയിച്ചാല്‍ പോലും അദ്ദേഹം മോദിവിരുദ്ധ പ്രസ്താവനകളോ ന്യൂനപക്ഷ പ്രീണന പ്രവര്‍ത്തനങ്ങളോ നടത്താന്‍ പോകുന്നില്ല. കാരണം നീണ്ടകാലം രാജ്യത്തിനുവേണ്ടി സൈനികസേവനം നടത്തിയ ആളാണ് മേജര്‍ രവി. രാജ്യസ്നേഹം അദ്ദേഹത്തിന് ആരും പഠിപ്പിക്കേണ്ടതില്ല. അതില്‍ തൊട്ട് ആര് കളിച്ചാലും അപ്പോഴെല്ലാം മേജര്‍ രവിയുടെ രക്തം തിളച്ചിട്ടുണ്ട്.
ഏറെക്കാലമായി മേജര്‍ രവിയെയും അദ്ദേഹത്തിന്റെ കുടുംബത്തേയും ഞങ്ങള്‍ക്ക് അടുത്തറിയാം. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും കറകളഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു. അച്ഛന്‍ പി. കുട്ടിശങ്കര പെരുമ്പ്ര നായര്‍ ഞാങ്ങാട്ടിരി കോ-ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. അമ്മ സത്യഭാമ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു.
അവരുടെ തടിയലമാരയില്‍ ഇന്ദിരാഗാന്ധിയുടെ ചിത്രമാണ് ഇന്നും സൂക്ഷിച്ചിട്ടുള്ളത്. മേജര്‍ രവിയുടെ കഥയും വ്യത്യസ്തമല്ല. വിദ്യാഭ്യാസകാലത്ത് കെ.എസ്.യു പ്രവര്‍ത്തകരനായിരുന്നു അദ്ദേഹം. കെ.എസ്.യുവിന്റെ നിരവധി സമരമുഖങ്ങളില്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. പല സമരങ്ങളും സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
അങ്ങനെയുള്ള ഒരാള്‍ കോണ്‍ഗ്രസിലേയ്ക്ക് ചേക്കേറിയെന്ന് പറയുന്നത് വിരോധാഭാസമാണ്. അദ്ദേഹം മനസ്സുകൊണ്ട് എന്നും കോണ്‍ഗ്രസുകാരനായിരുന്നു. ചില കോണ്‍ഗ്രസുകാരുടെ നിലപാടുകളോട് അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നുവെന്നുമാത്രം. നാളെയും അത് അദ്ദേഹം തുറന്നു പറയുകതന്നെ ചെയ്യും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക