മുല്ലപ്പള്ളിക്ക് വീണ്ടും തിരിച്ചടി; ജംബോ പട്ടിക തള്ളി ഹൈക്കമാന്‍ഡ്; പ്രായംകൂടിയവര്‍ വേണ്ടെന്ന് നിര്‍ദ്ദേശം
Kerala News
മുല്ലപ്പള്ളിക്ക് വീണ്ടും തിരിച്ചടി; ജംബോ പട്ടിക തള്ളി ഹൈക്കമാന്‍ഡ്; പ്രായംകൂടിയവര്‍ വേണ്ടെന്ന് നിര്‍ദ്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th November 2019, 8:11 am

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയ്ക്കായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയ പട്ടിക തള്ളി ഹൈക്കമാന്‍ഡ്. ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച ചെയ്ത് പട്ടിക തിരുത്തണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം.

ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെ മുല്ലപ്പള്ളിയുടെ ജംബോ പട്ടികയിലെ പകുതിപ്പേരും പുറത്തായേക്കുമെന്നാണ് സൂചന. പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പകുതിപ്പേരും പ്രായം കൂടിയവരാണെന്നും അമ്പത് വയസിന് താഴെയുള്ളവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണമെന്നുമാണ് ഹൈക്കമാന്‍ഡ് തീരുമാനം.

യുവജനങ്ങള്‍ക്കുള്ള പ്രാതിനിധ്യം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് നേതാക്കള്‍ ഭാരവാഹിത്വം പങ്കുവെച്ചതെന്നാണ് പട്ടികയെക്കുറിച്ച് ഉയരുന്ന മറ്റൊരു ആരോപണം. ഈ പരാതികള്‍ കണക്കിലെടുത്താണ് പട്ടിക പൊളിച്ചെഴുതാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.

ഒരാള്‍ക്കു ഒരു പദവി എന്നതില്‍ മാറ്റം വരുത്തണമെന്നും 65 വയസ് പിന്നിട്ട പകുതിപ്പേരെ ഒഴിവാക്കണമെന്നുമാണ് തീരുമാനം. പട്ടികയുലെ എംപിമാരെയും എം.എല്‍.എമാരെയും മാറ്റണമെന്ന നിലപാടാണ് ഹൈക്കമാന്‍ഡിന്റേത്.

ഒരാഴ്ചമുമ്പ് മുല്ലപ്പള്ളി രാമചന്ദ്രന്‍ 126 പേരുടെ ജംബോ പട്ടികയുമായി ഡല്‍ഹിയിലെത്തിയിരുന്നു. തൊട്ടടുത്ത ദിവസംതന്നെ പട്ടിക പുറത്തിറങ്ങുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നത്.

126 പേരുടെ പട്ടികയുമായാണ് മുല്ലപ്പള്ളി ദല്‍ഹിയിലെത്തിയത്. ഇതില്‍ 30 പേര്‍ ജനറല്‍ സെക്രട്ടറിമാരാണ്. 50 വയസ്സ് കഴിഞ്ഞവര്‍ക്കാണ് ഈ സ്ഥാനത്തേക്കു മുന്‍ഗണന നല്‍കുന്നത്. സെക്രട്ടറി സ്ഥാനത്തേക്കു യുവാക്കളെയും സ്ത്രീകളെയും പരിഗണിക്കും.

ജംബോ പട്ടിക പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും ഗ്രൂപ്പുകളുടെ കടുംപിടുത്തമാണ് ഭാരവാഹിപട്ടിക ജംബോ പട്ടികയാവാന്‍ കാരണമെന്നും കെ മുരളീധരന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രമേശ് ചെന്നിത്തല കെ.പി.സി.സി അധ്യക്ഷനായിരുന്ന കാലത്തു ജനപ്രതിനിധികളെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത്തവണ മിക്ക ജനപ്രതിനിധികളും ഭാരവാഹിത്വത്തിനു വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. ഇതില്‍ ഏറെയും ഐ ഗ്രൂപ്പുകാരാണെന്ന് ആരോപണമുണ്ട്.

ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തി തയ്യാറാക്കിയ പട്ടിക ഹൈക്കമാന്‍ഡ് തള്ളിയത് മുല്ലപ്പള്ളിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കൊച്ചി മേയര്‍ സൗമിനി ജെയിനിനെ മാറ്റാനുള്ള രാഷ്ട്രീയകാര്യ സമിതി തീരുമാനം നടപ്പാക്കാന്‍ കഴിയാത്തതിന് പിന്നാലെയാണിത്.

പുനഃസംഘടനാ പട്ടിക സംബന്ധിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ