| Friday, 18th June 2021, 9:25 pm

കേരളത്തിലും ബി.ജെ.പിയും ആര്‍.എസ്.എസും തന്നെയാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രു; സുധാകരനെ തള്ളി മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലും ബി.ജെ.പിയും ആര്‍.എസ്.എസും തന്നെയാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്ന് കെ.പി.സി.സി. മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ. സുധാകരന്‍ ഈ നിലപാടിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.പി.സി.സി. പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റിയ രീതിയില്‍ കടുത്ത അതൃപ്തിയും അദ്ദേഹം അറിയിച്ചു. വിവാദത്തിലേക്കും പരസ്യ ചര്‍ച്ചയിലേക്കും നേതൃമാറ്റം വലിച്ചിഴയ്ക്കാതെ നടപ്പാക്കാമായിരുന്നു. ആശയക്കുഴപ്പത്തിനും മാധ്യമ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കേണ്ടിയിരുന്നില്ല. മറിച്ചു സംഭവിച്ചതില്‍ വലിയ വിഷമം ഉണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

നേരത്തെ കേരളത്തില്‍ സി.പി.ഐ.എമ്മാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവന്ന് സുധാകരന്‍ പറഞ്ഞിരുന്നു. ദേശീയതലത്തില്‍ ബി.ജെ.പിയാണ് മുഖ്യ എതിരാളിയെങ്കിലും കേരളത്തില്‍ ബി.ജെ.പി. വലിയ ശക്തിയല്ലെന്നായിരുന്നു ഇതിനെ ന്യായീകരിച്ച് സുധാകരന്‍ പറഞ്ഞിരുന്നത്.

കെ. മുരളീധരനും സുധാകരനെ തള്ളി രംഗത്തെത്തിയിരുന്നു.

ബി.ജെ.പിയോടുള്ള മൃദുസമീപനമാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ ന്യൂനപക്ഷങ്ങളില്‍നിന്ന് അകറ്റിയതെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പി. ആണ് എന്നത് മറക്കരുതെന്നും പാര്‍ട്ടിയിലെ ജംബോ കമ്മറ്റികള്‍ പിരിച്ചുവിടണമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ ഇല്ലാതായത് നല്ലതാണെന്നും പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mullappally Ramachandran KPCC K Sudhakaran Congress

We use cookies to give you the best possible experience. Learn more