തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ഇന്ദിരാഭവനിലെ ജീവനക്കാര്‍ക്കു ശമ്പളവര്‍ധനയ്ക്ക് അനുമതി നല്‍കി മുല്ലപ്പള്ളി രാമചന്ദ്രന്‍. ആയിരം രൂപവീതമാണു ശമ്പളത്തില്‍ കൂട്ടിയത്.
കൊവിഡ് കാലത്തു രോഗവ്യാപനം കണക്കിലെടുക്കാതെ ജോലിക്കുവന്നവര്‍ക്കു നേരത്തേ അദ്ദേഹം 2000 രൂപ പാരിതോഷികം നല്‍കിയിരുന്നു.
എ.ഐ.സി.സിയോടു മുല്ലപ്പള്ളിയുടെ കാലത്തു പ്രവര്‍ത്തന ഫണ്ട് ചോദിച്ചിരുന്നില്ല. അദ്ദേഹം നടത്തിയ കേരള പര്യടനത്തിലൂടെ സമാഹരിച്ച തുകയാണു നടത്തിപ്പിനായി ചെലവഴിച്ചത്.
2018 ലാണു മുല്ലപ്പള്ളിയെ കെ.പി.സി.സി. പ്രസിഡന്റായി നിയമിച്ചത്. ചൊവ്വാഴ്ചയാണു പുതിയ പ്രസിഡന്റായി കെ. സുധാകരനെ ഹൈക്കമാന്റ് പ്രഖ്യാപിച്ചത്.
കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ടു ഹൈക്കമാന്റ് പ്രതിനിധി താരിഖ് അന്‍വര്‍ നേരത്തെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതുസംബന്ധിച്ച് എം.പിമാരുടെയും എം.എല്‍.എമാരുടെയും അഭിപ്രായം തേടിയിരുന്നു.