| Saturday, 20th June 2020, 10:56 pm

പിന്തുണയ്ക്കാന്‍ ആളില്ല, പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍?; മുതലെടുത്ത് ഗ്രൂപ്പുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അവഹേളിച്ചത് ആയുധമാക്കി കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍. കോണ്‍ഗ്രസിനുള്ളിലെ മുല്ലപ്പള്ളി വിരുദ്ധര്‍ വിഷയം ചൂടേറിയ ചര്‍ച്ചകളിലേക്ക് നയിച്ചിരിക്കുകയാണെന്നാണ് വിവരം.

കൊവിഡ് പ്രതിസന്ധി ഘട്ടത്തിലെ കെ.പി.സി.സി അധ്യക്ഷന്റെ പരാമര്‍ശം യു.ഡി.എഫിന്റെ ശോഭ കെടുത്തുന്നതാണെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. മുല്ലപ്പള്ളിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കളാരും ഇതുവരെ രംഗത്തെത്തിയിട്ടില്ല.

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ട്. മുല്ലപ്പള്ളിയെ കെ.പി.സി.സി അധ്യക്ഷനാക്കിയതിലും ചിലര്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു അധ്യക്ഷ സ്ഥാനം മുല്ലപ്പള്ളിക്ക് നല്‍കിയത്.

എ, ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ സമ്മതനായ നേതാവല്ല അദ്ദേഹം. കെ.കെ ശൈലജയ്‌ക്കെതിരായ പരാമര്‍ശത്തെ മുതലെടുത്ത് മുല്ലപ്പള്ളിയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് സൂചന.

പത്മജാ വേണുഗോപാല്‍, ടി സിദ്ദിഖ്, കെ.പി അനില്‍കുമാര്‍ എന്നിവര്‍ മാത്രമാണ് പാര്‍ട്ടിയില്‍നിന്നും മുല്ലപ്പള്ളിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ളു.

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ അധിക്ഷേപവുമായി വീണ്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ലണ്ടന്‍ ഗാഡിയന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം റോക്ക് സ്റ്റാര്‍ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചതിനര്‍ത്ഥം റോക്ക് ഡാന്‍സര്‍ എന്നാണെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.

‘ലണ്ടന്‍ ഗാര്‍ഡിയന്‍ പറഞ്ഞത് ‘The coronavirus slayer! How Kerala’s rock star health minister helped save it from Covid-19” എന്നാണ്. മനസ്സിലാക്കണം കേരളത്തിലെ റോക്ക്സ്റ്റാറാണെന്നാണ് പറഞ്ഞിരിക്കുന്നത്.

കേരളത്തിലെ ആധുനിക നൃത്ത സംവിധാനത്തെക്കുറിച്ചെനിക്കറിയില്ല. റോക്ക് ഡാന്‍സറായിട്ടാണ് പറഞ്ഞിരിക്കുന്നത്. കേരളത്തിലെ റോക്ക് ഡാന്‍സറായിട്ടുള്ള മന്ത്രി കൊവിഡ് മഹാമാരിയില്‍ നിന്നും രക്ഷിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതുപോലെ 42 ജേണലുകളില്‍ ഇത് കൊടുത്തിട്ടുണ്ട്,’ മുല്ലപ്പള്ളി പറഞ്ഞു.

കൊവിഡ് പ്രതിരോധ രംഗത്ത് സര്‍ക്കാരിന് വിജയിക്കാന്‍ സാധിച്ചില്ലെന്നും താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമാണ്. ആര്‍ക്കും അത് നിഷേധിക്കാന്‍ സാധിക്കില്ല. ഞാന്‍ ഒരാളെക്കുറിച്ചും ഒരു പരാമര്‍ശവും നടത്തുന്ന ആളല്ല. പ്രത്യേകിച്ച് സ്ത്രീകളെ കുറിച്ച് താന്‍ മോശമായി സംസാരിക്കാറില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം രാജകുമാരിയെന്നും റാണിയെന്നും പറഞ്ഞതില്‍ എന്താണ് തെറ്റെന്നും മുല്ലപ്പള്ളി ചോദിച്ചു.

റോക്ക് സ്റ്റാര്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ചടുല നീക്കങ്ങള്‍ എന്നാണെന്ന് തിരുത്തിയ മാധ്യമപ്രവര്‍ത്തകനോടും അക്രോശിച്ച് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

റോക്ക് ഡാന്‍സര്‍ എന്ന വാക്കിന്റെ അര്‍ത്ഥം ചടുലനീക്കങ്ങള്‍ എന്നാണോ എന്നായിരുന്നു മുല്ലപ്പള്ളി ചോദിച്ചത്. അങ്ങനെയെങ്കില്‍ ഞാന്‍ രാജകുമാരിയെന്നും റാണിയെന്നും പറഞ്ഞതില്‍ എന്താണ് തെറ്റ് എന്ന് മുല്ലപ്പള്ളി ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക ‘

We use cookies to give you the best possible experience. Learn more