സി.പി.ഐയെ യു.ഡി.എഫിലേയ്ക്ക് ക്ഷണിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
Kerala News
സി.പി.ഐയെ യു.ഡി.എഫിലേയ്ക്ക് ക്ഷണിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th July 2019, 1:09 pm

മലപ്പുറം: സി.പി.ഐയെ യു.ഡി.എഫിലേയ്ക്ക് ക്ഷണിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭാവിയില്‍ സി.പി.ഐയുമായി കൂട്ടുകൂടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുല്ലപ്പള്ളി പറഞ്ഞു.

എല്ല് പൊട്ടിയോ ഇല്ലയോ എന്നതിനെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്ന പാര്‍ട്ടിയായി സി.പി.ഐ.എം മാറിയെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. മലപ്പുറം ഡി.സി.സി സംഘടിപ്പിച്ച ജില്ലാ നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.

പരസ്പരം പരദൂഷണം പറയുന്നവര്‍ക്കല്ല, പ്രവര്‍ത്തിക്കുന്നവര്‍ക്കായിരിക്കും ഇനി പാര്‍ട്ടിയില്‍ സ്ഥാനമെന്നും മുല്ലപ്പള്ളി പറഞ്ഞു.

‘കോണ്‍ഗ്രസിന്റെ പോഷക സംഘടനകള്‍ ഉപരിപ്ലവമായി പ്രവര്‍ത്തിക്കുന്നവരായി മാറരുത്. ദേശീയ തലത്തില്‍ ഇപ്പോള്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയില്‍ ഭയമില്ല. ഈ പരാജയം തല്‍ക്കാലത്തേക്ക് മാത്രമാണ്. ഒന്നായി നിന്നാല്‍ ശക്തമായി തിരിച്ചു വരാനാകുമെന്നും’ മുല്ലപ്പള്ളി പറഞ്ഞു.

ഇരുതല മൂര്‍ച്ചയുള്ള വാളാണ് സോഷ്യല്‍ മീഡിയ. ചിന്തിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കൈ മുറിയുമെന്നും മുല്ലപ്പള്ളി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

‘സോഷ്യല്‍ മീഡിയയുടെ സാധ്യത നന്നായി ഉപയോഗിക്കുകയാണ് വേണ്ടത്. വേറെ ഏതെങ്കിലും പാര്‍ട്ടിക്കാര്‍ അവരുടെ നേതാവിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കന്മാരെ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കാന്‍ നിന്നാല്‍ ഈ പാര്‍ട്ടി എവിടെയെത്തു’മെന്നും മുല്ലപ്പള്ളി ചോദിച്ചു. നേതാക്കന്‍മാരെ വിമര്‍ശിക്കാന്‍ ഇന്റേര്‍ണല്‍ സംവിധാനം ഉപയോഗിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.