| Friday, 28th May 2021, 12:06 pm

രാജി പ്രഖ്യാപനത്തോടെ യു.ഡി.എഫ് യോഗത്തില്‍ നിന്ന് വിട്ട് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; കെ. സുധാകരനു വേണ്ടി പോസ്റ്റര്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം യു.ഡി.എഫ് ഏകോപന സമിതിയുടെ ആദ്യയോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജി നല്‍കിയതിനാലാണ് മുല്ലപ്പള്ളിയുടെ തീരുമാനം.

കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിലാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്, എന്നാല്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്ത് നല്‍കുകയും സന്നദ്ധത ഹൈക്കമാന്‍ഡ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ സാങ്കേതികമായി മാത്രമാണ് സ്ഥാനത്ത് തുടരുന്നതെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ശേഷം ചേരുന്ന ആദ്യത്തെ യോഗമാണിത്. യു.ഡി.എഫ് ചെയര്‍മാനെ തീരുമാനിക്കാനും സാധ്യതയുണ്ട്.

അതേസമയം യോഗം നടക്കുന്ന കെ.പി.സി.സി ആസ്ഥാനത്തിന് പുറത്ത് കെ സുധാകരനെ അനുകൂലിച്ച് പോസ്റ്റര്‍ പ്രതിഷേധം നടന്നു. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന ബാനര്‍ ആണ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഈരാറ്റുപേട്ടയില്‍ നിന്നുമുള്ള മൂന്ന് പ്രവര്‍ത്തകരാണ് ബാനറുമായി പ്രതിഷേധത്തിന് എത്തിയത്.

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്നായിരുന്നു വ്യാപകമായി ഉയര്‍ന്നിരുന്ന ആവശ്യം.

അതേസമയം കെ.പി.സി.സി അധ്യക്ഷനായി കെ. സുധാരകന്‍ തന്നെ വരണമെന്നാണ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്.

വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സി അധ്യക്ഷരായ സമയത്തും പരിഗണിച്ചിരുന്ന പേരാണ് സുധാകരന്റേത്. അതിനാല്‍ ഇത്തവണ സുധാകരനെ പരിഗണിക്കണമെന്ന് ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Mullappally Ramachandran in UDF meet

We use cookies to give you the best possible experience. Learn more