'പാര്‍ട്ടിക്കാരുടെ കയ്യില്‍ കിട്ടിയാല്‍ വെട്ടിക്കൊല, പൊലീസിന്റെ കയ്യില്‍ കിട്ടിയാല്‍ ഉരുട്ടിക്കൊല'; വിമര്‍ശിച്ച് മുല്ലപ്പള്ളി
Kerala
'പാര്‍ട്ടിക്കാരുടെ കയ്യില്‍ കിട്ടിയാല്‍ വെട്ടിക്കൊല, പൊലീസിന്റെ കയ്യില്‍ കിട്ടിയാല്‍ ഉരുട്ടിക്കൊല'; വിമര്‍ശിച്ച് മുല്ലപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th June 2019, 2:58 pm

കോട്ടയം: ഇടുക്കി കസ്റ്റഡി മരണത്തില്‍ സി.പി.ഐ.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎമ്മാണ് കൊലപാതക രാഷ്ട്രീയമെന്ന ഭൂതത്തെ കുടം തുറന്നുവിട്ടത്. ആ ഭൂതം ഇപ്പോള്‍ പാര്‍ട്ടിയെ വിഴുങ്ങുന്ന സ്ഥിതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുല്ലപ്പളളി ആവശ്യപ്പെട്ടു.

‘പാര്‍ട്ടിക്കാരുടെ കയ്യില്‍ കിട്ടിയാല്‍ വെട്ടിക്കൊല, പൊലീസിന്റെ കയ്യില്‍ കിട്ടിയാല്‍ ഉരുട്ടിക്കൊല എന്ന സ്ഥിതിയാണ് നിലവില്‍. മുഖ്യമന്ത്രി പറഞ്ഞതുപോലെ കസ്റ്റഡി മരണങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല’, മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

പീരുമേട് കസ്റ്റഡിമരണ വിഷയത്തില്‍ ഇതുപോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സംഭവിക്കാന്‍ പാടില്ലാത്തത് പൊലീസ് സേനയില്‍ സംഭവിക്കരുതെന്നും തെറ്റ് ചെയ്താല്‍ കര്‍ശന നടപടി എടുക്കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നുമാണ് പിണറായി പറഞ്ഞത്. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അല്ലാത്തവരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, കസ്റ്റഡിയില് കൊല്ലപ്പെട്ട രാജ്കുമാര്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാവുന്നത്. അരയ്ക്ക് കീഴ്‌പ്പോട്ട് ചതവും മുറിവുകളുമുണ്ട്. രാജ്കുമാര്‍ കസ്റ്റഡിയില്‍ ഉരുട്ടലിന് വിധേയനയോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.