| Saturday, 31st October 2020, 12:13 pm

വി.എസിനെപ്പോലെ ആര്‍ജ്ജവമുള്ള നേതാക്കളുടെ അഭാവമാണ് സി.പി.ഐ.എമ്മിന്റെ ജീര്‍ണതയ്ക്ക് കാരണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെപ്പോലെയുള്ള നേതാക്കളുടെ അഭാവമാണ് സി.പി.ഐ.എമ്മിന്റെ ജീര്‍ണതയ്ക്ക് കാരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വി.എസ് നട്ടെല്ലുള്ള നേതാവായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

‘അത്തരത്തിലുള്ള നേതാക്കളുടെ അഭാവമാണ് സി.പി.ഐ.എമ്മിന്റെ ജീര്‍ണ്ണതക്ക് കാരണം. ആര്‍ജ്ജവത്തോടെ സംസാരിക്കാന്‍ നേതാക്കള്‍ ഇല്ലാത്തതാണ് പാര്‍ട്ടിയുടെ പതനത്തിന് കാരണം’, മുല്ലപ്പള്ളി പറഞ്ഞു.

അങ്ങനെ സംസാരിക്കുന്നവര്‍ ടി.പിയെ പോലെ വെട്ടേറ്റ് മരിക്കാന്‍ വേണ്ടിയല്ല പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യം കണ്ട ഏറ്റവും ക്രിമിനല്‍ പശ്ചാത്തലമുള്ള മുഖ്യമന്ത്രി ഭരിക്കുന്നത് കൊണ്ടാണോ പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ ഉയരാത്തതെന്നും മുല്ലപ്പള്ളി ചോദിച്ചു.

കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട എന്ന നിലപാട് സി.പി.ഐ.എം പതനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ശ്രമം. ഈ പാര്‍ട്ടിയെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം മന്ദഗതിയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വപ്നയുമായി നിരന്തര ബന്ധമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്കും അന്വേഷണമെത്തുന്നില്ല. അന്വേഷണവുമായി മുന്നോട്ടുപോവുന്നതില്‍നിന്ന് ആരോ തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകളില്‍ വിലങ്ങ് ചാര്‍ത്തിയതായി സംശയിക്കുന്നു. ഏജന്‍സികളെ നിയന്ത്രിക്കുന്നത് ദല്‍ഹിയില്‍ ഇരുന്ന് കൊണ്ടാണ്. ബി.ജെ.പി-സി.പി.ഐ.എം രഹസ്യധാരണയെന്ന് പറയേണ്ടി വരും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mullappally Ramachandran C.P.I.M V.S Achuthanandan

We use cookies to give you the best possible experience. Learn more