തിരുവനന്തപുരം: എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ച മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെടുന്നതിന് പകരം മുഖ്യമന്ത്രി രാജിവെച്ച് ഒഴിയുകയാണ് വേണ്ടതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
പാര്‍ട്ടി സെക്രട്ടറിയും അദ്ദേഹത്തിന്റെ മകനും കുടുംബവും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ കുടുംബവും വ്യവസായ മന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവുമൊക്കെ ആരോപണത്തില്‍ നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ ഇനിയൊരു നിമിഷം ധാര്‍മികമായി അധികാരത്തില്‍ തുടരാനുള്ള അവകാശം മുഖ്യമന്ത്രിക്കില്ല.
അദ്ദേഹം മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെടുന്നതിന് പകരമായി ചെയ്യേണ്ടത് അടിയന്തരമായി മന്ത്രിസഭ പിരിച്ചുവിട്ട് രാജിസമര്‍പ്പിച്ച് പൊതുതെരഞ്ഞെടുപ്പിന് തയ്യാറാകുകയാണ് വേണ്ടത്, മുല്ലപ്പള്ളി പറഞ്ഞു.
ഗൗരവത്തോടെ തന്നെ നോക്കിക്കാണേണ്ട വിഷയമാണ് ഇത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പോലും രണ്ട് ദിവസമായി ഇതുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. ബഹുമാനപ്പെട്ട ധനകാര്യമന്ത്രിയും മറ്റ് വകുപ്പുമന്ത്രിമാരും ഇതേക്കുറിച്ച് ഉത്തരം പറയേണ്ട ഗതികേടിലേക്കാണ് രാജ്യം എത്തിയത്.
ഏതെങ്കിലും ഒരു വ്യക്തിയെ നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് എന്‍.ഐ.എ ഇന്നുവരെ ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ല. അങ്ങനെ വരുമ്പോള്‍ നമ്മുടെ നാട് കണ്ട ഏറ്റവും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇന്ന് കേരളം കേള്‍ക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മന്ത്രി കെ. ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ചോദ്യം ചെയ്യുന്നതെന്നും ഇനിയും നാണം കെടാതെ ജലീല്‍ രാജി വെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ജലീലിന്റെ രാജി എന്ന ആവശ്യവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. ജലീലിനെതിരെ മുസ് ലിം ലീഗ് നേതാവ് കെ പിഎ മജീദും രംഗത്തെത്തിയിരുന്നു.
തെറ്റുചെയ്തിട്ടുണ്ടോ ഇല്ലെയോ എന്നത് ജനങ്ങളോട് പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. എന്തിനാണ് അദ്ദേഹം ഒളിച്ച് മാറി നടക്കുന്നതെന്നും കെ.പി.എ മജീദ് ചോദിച്ചു.
ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍.ഐ.എ ഓഫീസിലെത്തിയത്. സ്വകാര്യ കാറിലാണ് ജലീല്‍ എത്തിയത്.
കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍.ഐ.എ ഓഫീസില്‍ എത്തിയത്. സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. നേരത്തെ തന്നെ മന്ത്രിയുടെ മൊഴി എന്‍.ഐ.എ രേഖപ്പെടുത്തുമെന്ന സൂചന ഉണ്ടായിരുന്നു.
മന്ത്രി ജലീലിനോട് കോണ്‍സുല്‍ ജനറലാണ് മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്ളവര്‍ക്ക് കള്ളക്കടത്ത് ഇടപാടില്‍ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെയും എന്‍.ഐ.എ ചോദ്യം ചെയ്യുന്നത്.
ആദ്യഘട്ടത്തില്‍ മറ്റ് പ്രതികളെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തതില്‍ മന്ത്രിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും ഇതുസംബന്ധിച്ച അറിവുണ്ടായിട്ടില്ലെന്ന നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക