മരുന്നു കമ്പനികള്‍ക്ക് മുന്നില്‍ ഓഛാനിച്ച് നിന്നിട്ട് സംസ്ഥാനങ്ങളുടെ മേല്‍ കുതിര കേറാന്‍ വരരുത്: വി. മുരളീധരനെതിരെ മുല്ലപ്പള്ളി
Kerala
മരുന്നു കമ്പനികള്‍ക്ക് മുന്നില്‍ ഓഛാനിച്ച് നിന്നിട്ട് സംസ്ഥാനങ്ങളുടെ മേല്‍ കുതിര കേറാന്‍ വരരുത്: വി. മുരളീധരനെതിരെ മുല്ലപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th April 2021, 3:20 pm

തിരുവനന്തപുരം: വാക്‌സിന്‍ അപര്യാപ്തതയുടെ പേരില്‍ കേരളത്തെ കുറ്റപ്പെടുത്തുന്ന കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ആവശ്യമായ കൊവിഡ് വാക്‌സിന്‍ ലഭ്യത കേരളത്തിന് ഉറപ്പാക്കാതെ തുടരെ വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കുന്ന വി. മുരളീധരന്‍ സ്വയം പരിഹാസ്യനാവുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

വാക്സിന്‍ നയത്തിലൂടെ ഉയര്‍ന്ന വില നിശ്ചയിക്കാന്‍ മരുന്നുനിര്‍മ്മാണ കമ്പനികള്‍ക്ക് അനുമതി നല്‍കിയ പ്രധാനമന്ത്രിയെ തിരുത്താനാണ് കേരളത്തില്‍ നിന്നുള്ള ബി.ജെ.പി സഹമന്ത്രി ആദ്യം ശ്രമിക്കേണ്ടത്. കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കേന്ദ്ര സഹായം സംസ്ഥാനത്തിന് നല്‍കാന്‍ നടപടി സ്വീകരിക്കണം. ആ കടമ കൃത്യമായി നിര്‍വഹിച്ച ശേഷം സഹമന്ത്രി വിമര്‍ശനം ഉന്നയിച്ചാല്‍ അന്തസ്സുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുമ്പോള്‍ നിയമപരമായി കേന്ദ്ര സര്‍ക്കാരിന് മരുന്നു നിര്‍മ്മാണ കമ്പനികളെ നിയന്ത്രിക്കാവുന്നതാണ്. അതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

പകരം മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്ക് മുന്നില്‍ നിസ്സഹായരായി ഓഛാനിച്ച് നില്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ചെയ്യാതെ സംസ്ഥാനങ്ങളുടെ മേല്‍ കുതിര കേറുന്ന സഹമന്ത്രിയുടെ നടപടി അംഗീകരിക്കാനാവില്ല.

കേരളത്തിലെ പല വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ആവശ്യത്തിന് വാക്സിന്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിന് ആവശ്യമായ വാക്സിന്‍ അടിയന്തരമായി ലഭ്യമാക്കുകയാണ് വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

വാക്സിന്‍ കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ അവസരം നല്‍കിയിട്ട് കൈയ്യും കെട്ടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സ് തകര്‍ത്ത ഭരണാധികാരിയാണ് നരേന്ദ്ര മോദി. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഇംഗിതത്തിന് അനുസരിച്ചാണ് കേന്ദ്ര ഭരണകൂടം മുന്നോട്ട് പോകുന്നത്.

കൊവിഡ് മഹാമാരിയെ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഐക്യമാണ് വേണ്ടത്. ഒരു യുദ്ധമുഖത്താണ് നാമെല്ലാവരും. ജനങ്ങളുടെ ജീവനാണ് പ്രധാന്യം നല്‍കേണ്ടത്.അല്ലാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പരസ്പരം വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ചക്കളത്തി പോരാട്ടം നടത്തുകയല്ല വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mullappally ramachandran against V Muaraleedharan