തിരുവനന്തപുരം: കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ വിമര്‍ശനവുമായി മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ റെയില്‍ അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ പൊതുനിലപാടിന് വിരുദ്ധമായി തരൂര്‍ നിലപാടെടുത്ത സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.
മാധ്യമങ്ങളോടുള്ള പ്രതികരണത്തിനിടെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന.
സംസ്ഥാന സര്‍ക്കാറിനെ പിന്തുണച്ചും കോണ്‍ഗ്രസ് നിലപാടുകള്‍ക്ക് വിരുദ്ധമായും നിരന്തരം രംഗത്തെത്തുന്ന ശശി തരൂരിനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടണമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ രാവും പകലും കഷ്ടപ്പെട്ടാണ് ശശി തരൂരിനെ വിജയിപ്പിച്ചതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
”തരൂരിനും പാര്‍ട്ടി പ്രവര്‍ത്തര്‍ക്കും ഒരേ അച്ചടക്കമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. തരൂരിന് പ്രത്യേക നിയമങ്ങളൊന്നുമില്ല. തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയാന്‍ പാടില്ല.
ഈ സാഹചര്യത്തില്‍ തരൂരിനെ അഖിലേന്ത്യാ നേതൃത്വം നിയന്ത്രിക്കണം. തരൂരിനെ വിജയിപ്പിക്കാന്‍ പാര്‍ട്ടി ഏറെ പാടുപെട്ടിട്ടുണ്ട്. കൂടുതല്‍ ഒന്നും പറയാനില്ല,” മുല്ലപ്പള്ളി പറയുന്നു.
കെ റെയില്‍ പദ്ധതിക്ക് എതിരെ ശാസ്ത്രസാഹിത്യപരിഷത് ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ടെന്നും പരിസ്ഥിതിക്ക് ദോഷമാണ് പദ്ധതിയെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.
കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് എം.പിമാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയതില്‍ ഒപ്പിടാതിരുന്നതിന് പുറമെ, നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമതെത്തിയതില്‍ സര്‍ക്കാറിനെ അഭിനന്ദിച്ചും തരൂര്‍ രംഗത്ത് വന്നിരുന്നു.
കേരളം ആരോഗ്യ സൂചികയില്‍ ഒന്നാമതെത്തിയ വാര്‍ത്തയും, കേരളം ഉത്തര്‍പ്രദേശില്‍ നിന്ന് പഠിക്കണമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്‍പ്രസ്താവനയും ടാഗ് ചെയ്ത് തരൂര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
യോഗി ആദിത്യനാഥിന് താല്‍പര്യമുണ്ടെങ്കില്‍ ആരോഗ്യ സമ്പ്രദായങ്ങള്‍ മാത്രമല്ല, സദ്ഭരണവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ നടപടികളും കേരളത്തില്‍ നിന്ന് പഠിക്കാവുന്നതാണ്. ഇത് രാജ്യത്തിന് ഗുണം ചെയ്യും, എന്നായിരുന്നു ട്വീറ്റ്.
പാര്‍ട്ടി വിരുദ്ധ നിലപാടുകളില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മുന്‍പ് തരൂരിന് താക്കീത് നല്‍കി പ്രതികരിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Mullappally Ramachandran against Shashi Tharoor