നീറോ ചക്രവര്‍ത്തി ഗള്‍ഫില്‍ വീണ വായിക്കുന്നു; മുഖ്യമന്ത്രിയെ പരിഹസിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
Sabarimala women entry
നീറോ ചക്രവര്‍ത്തി ഗള്‍ഫില്‍ വീണ വായിക്കുന്നു; മുഖ്യമന്ത്രിയെ പരിഹസിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th October 2018, 9:41 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി ഗള്‍ഫ് നാടുകളില്‍ വീണവായിച്ചു നടക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ യുദ്ധ സമാനമായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ കുടുംബസമേതം വിനോദസഞ്ചാരത്തിനെന്ന പോലെ ഗള്‍ഫില്‍ പോയിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.


“പൊലീസിന്റെ വേഷവിധാനം നല്‍കി യുവതികളെ ശബരിമലയിലേക്ക് എഴുന്നള്ളിച്ചുകൊണ്ടുപോയതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. കലാപത്തിനു പോകുന്നവരെപ്പോലെയുള്ള സന്നാഹങ്ങളോടെയാണ് പൊലീസ് സംഘം പോയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം നേതൃത്വം, ഡി.ജി.പി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റത്തിനു കേസെടുക്കണം. സംഭവത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണം”- മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

“സാമുദായിക ധ്രുവീകരണം നടത്തി തെരഞ്ഞെടുപ്പില്‍ ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യം സി.പി.ഐ.എമ്മിനും ശബരിമലയെ മറ്റൊരു അയോധ്യയാക്കണമെന്ന ലക്ഷ്യം ബി.ജെ.പിക്കുമുണ്ട്. ശബരിമലയില്‍ സമാധാനം സ്ഥാപിക്കാനുള്ള പ്രശ്‌നപരിഹാര ശ്രമങ്ങള്‍ക്ക് ഇനിയും സമയമുണ്ട്. അതിനു സര്‍ക്കാര്‍ തയാറാകണം”-മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

“ശബരിമലയില്‍ പോകാന്‍ ശ്രമിച്ച യുവതികള്‍ യഥാര്‍ഥ വിശ്വാസികളായിരുന്നോ? അവരുടെ പശ്ചാത്തലം സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചിട്ടുണ്ടോ? ചിരിച്ചുകൊണ്ടു കൈവീശി വിനോദസഞ്ചാരികളെപ്പോലെയാണോ ഏതെങ്കിലും ഭക്തര്‍ ശബരിമലയില്‍ പോവുക?”- മുല്ലപ്പള്ളി ചോദിച്ചു.


“ശബരിമലയില്‍ പ്രതിഷേധിക്കുന്നവരുടെ കൂട്ടത്തില്‍ കരുതിക്കൂട്ടി കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഈശ്വര വിശ്വാസികളായ ഭക്തര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കരുക്കളാകരുത്. കോണ്‍ഗ്രസിന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. അന്ത്യംവരെ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കും. ശബരിമല വിഷയത്തില്‍ മന്ത്രിസഭയിലും പാര്‍ട്ടിയിലും ഭിന്നാഭിപ്രായമുണ്ടെന്നും സി.പി.ഐ.എം ഒരു പൊട്ടിത്തെറിയുടെ വക്കിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.