| Friday, 22nd February 2019, 3:49 pm

'പിണറായിയുടേത് ഭീരുത്വം'; കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദര്‍ശിക്കാത്തതിനെതിരെ മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലയ്ക്കിരയായ യുവാക്കളുടെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് പിന്‍മാറിയ മുഖ്യമന്ത്രിയുടെ നടപടി ഭീരുത്വമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

മനഃസാക്ഷിക്കുത്തു കൊണ്ടാണ് മുഖ്യമന്ത്രി യുവാക്കളുടെ വീട്ടില്‍ പോകാതിരുന്നതെന്നും ഇരട്ടക്കൊലയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ടി.പി.വധക്കേസ് ആസൂത്രണം ചെയ്ത സി.പി.ഐ.എം ഉന്നതരെ പുറത്തുകൊണ്ടുവരാന്‍ യു.ഡി.എഫ് സര്‍ക്കാരിനു കഴിയേണ്ടതായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ടി.പി.ചന്ദ്രശഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സി.പി.ഐ.എം ഉന്നതര്‍ ആരെന്ന് തനിക്ക് വസ്തുതാപരമായി അറിയാം. അന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രിയെന്ന നിലയില്‍ അറിഞ്ഞ കൃത്യമായ വിവരങ്ങളാണ്. സി.ബി.ഐ വേണ്ട വിധം അന്വേഷിച്ചാല്‍ ഇപ്പോഴും ആസൂത്രകരെ കണ്ടെത്താനാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.


മിന്നല്‍ ഹര്‍ത്താലിനെതിരായ ഹൈക്കോടതി ഉത്തരവ് വായിച്ചിരുന്നില്ല; കോടതിയില്‍ വിശദീകരണം എഴുതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ്


യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനോട് താന്‍ എതിരായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി നേതൃത്വത്തോട് ആലോചിച്ചല്ല യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തിയത്. നിയമപോരാട്ടത്തിന് യൂത്ത് കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും മുല്ലപ്പളളി പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പരോളില്‍ ഇറങ്ങിയപ്പോഴാണ് കാസര്‍കോട്ട് ഇരട്ടക്കൊലപാതകം നടന്നതെന്ന് നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

കൊലപാതകത്തിന് പിന്നില്‍ ടി.പി.വധക്കേസിലെ പ്രതികളുടെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം നടന്നത് സി.പി.ഐ.എമ്മിന്റെ അറിവോടെ തന്നെയാണ്. ഇത് ആസൂത്രണം ചെയ്തതും സി.പി.ഐ.എം.ആണ്. സി.പി.ഐ.എമ്മിന് ഇതില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more