കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വാടക കൊലയാളികളുടെ ക്യാപ്റ്റനാണ് പിണറായി വിജയനെന്നും ക്യാപ്റ്റന്‍ എന്ന പദം അദ്ദേഹത്തിന് നല്‍കിയത് പി.ആര്‍ ഏജന്‍സികളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
പിണറായിക്ക് സര്‍വാധിപതികളുടെ മാനസികാവസ്ഥയാണ്. പി. ജയരാജനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയത് പിണറായിയാണ്. ഇ.പി.ജയരാജനോടും പി.ജയരാജനോടും പിണറായി വിജയന്‍ കാണിച്ചത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഏതു ബോംബും നേരിടുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാളെ ഇ.ഡി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്ന ബോംബിനെ കുറിച്ചാണോ അദ്ദേഹം പറയുന്നത്. അല്ല മകളുടെ ഓഫീസില്‍ ഇ.ഡി എപ്പോഴും വരാമെന്ന ബോംബാണോ?. ഏത് ബോംബ് ആണെന്ന് മുഖ്യമന്ത്രി പറയണം.
പിണറായി വിജയന്‍ പറഞ്ഞ ബോംബ് പൊട്ടുന്നത് സി.പി.ഐ.എമ്മിന് ഉളളില്‍ തന്നെയായിരിക്കും. പിണറായി വിജയന്‍ ആകെ ഭയപ്പെട്ടിരിക്കുകയാണ്. എന്ത് വിസ്ഫോടനമാണ് സംഭവിക്കുക എന്നുളള ഭീതിയിലും അങ്കലാപ്പിലുമാണ് അദ്ദേഹം.
അതുകൊണ്ടാണ് ബോംബ് പൊട്ടുമെന്ന് അദ്ദേഹം മുന്‍കൂറായി പറഞ്ഞത്. ഏറ്റവും വലിയ ബോംബ് ഇപ്പോള്‍ പൊട്ടാന്‍ പോകുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലാണ്.
പിണറായി വിജയന്റെ പിറകില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി അദ്ദേഹത്തെ കാത്തുസംരക്ഷിച്ചൊരു മനുഷ്യനാണ് ഇ.പി.ജയരാജന്‍. അദ്ദഹത്തോട് കാണിച്ചത് കടുത്ത വിവേചനമാണ്. അദ്ദേഹത്തിന്റെ മനസ്സിന്റെ ആശങ്കയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പ്രതിഫലിച്ചത്.
മുഖം രക്ഷിക്കാനെങ്കിലും ഇ.ഡി പിണറായിയെ ചോദ്യം ചെയ്യണമെന്നും ഇ.ഡി മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ലെങ്കില്‍ നഷ്ടപ്പെടാന്‍ പോകുന്നത് മോദിയുടെയും അമിത്ഷായുടെയും മുഖമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഒരുപക്ഷേ പ്രഹസനമായിരിക്കാം. രാഷ്ട്രീയ നാടകമായിരിക്കാം അവിടെ നടക്കുന്നത്. പിണറായിയുടെ മകളുടെ സ്ഥാപനത്തില്‍ റെയ്ഡ് നടക്കാനുളള സാധ്യത തള്ളിക്കളയാനാവില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയെ വര്‍ഷങ്ങളായിട്ട് അറിയുന്നതാണെന്നും അദ്ദേഹം സ്വന്തം നിഴലിനെ പോലും പേടിക്കുന്ന ഭീരുവാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ യോഗങ്ങള്‍ നടത്തുന്നത് പി.ആര്‍.ഏജന്‍സി ആണെന്നും 120 കോടി രൂപയാണ് അതിനായി ചെലവഴിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക