തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന ഐ.ജി ശ്രീജിത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ഐ.ജി ശ്രീജിത്തിനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചതെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം.
ശ്രീജിത്തിന്റെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഇത് മനസിലാകും. കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്തെന്നും മുല്ലപ്പള്ളി പറഞ്ഞു.
“ആഭ്യന്തര വകുപ്പ് ഇപ്പോള്‍ ഈ കേസിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് കോട്ടയത്ത് പണ്ട് എസ്.പിയായി സേവനം അനുഷ്ഠിച്ച ഇപ്പോഴത്തെ ഐ.ജി ശ്രീജിത്തിനെയാണ്. ശ്രീജിത്തിന്റെ മുന്‍കാല ചരിത്രം അത് പരിശോധിക്കണം. കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന കുറേ നാണംകെട്ട ഐ.പി.എസ് ഉദ്യോഗസ്ഥന്മാരും ഈ സംസ്ഥാനത്തുണ്ട്. ” എന്നാണ് അദ്ദേഹം പറഞ്ഞത്.
“ഐ.പി.എസ് ഉദ്യോഗസ്ഥന്മാരുടെ വിശ്വാസ്യതയെക്കുറിച്ച് നന്നായിട്ട് അറിയാവുന്നയാളെന്ന നിലയില്‍ ഞാന്‍ പറയട്ടേ, ഈ കേസ് അട്ടിമറിക്കാന്‍, ഈ കേസ് തേയ്ച്ചുമായ്ക്കാന്‍, ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ക്ക് ഈ കേസിലുള്ള പങ്ക് തമസ്‌കരിക്കാന്‍ നടത്തിയ ഒരു ശ്രമമായിട്ടു മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ” എന്നും മുല്ലപ്പള്ളി പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം കഴിഞ്ഞദിവസമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സി.ബി.ഐ അന്വേഷണമെന്ന ബന്ധുക്കളുടെ ആവശ്യം തള്ളിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല നല്‍കിയത്.
കസ്റ്റഡിയിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ അഞ്ച് പ്രതികളെക്കൂടി അറസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകമാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ട് ഉത്തരവിറക്കിയത്.
അതിനിടെ, ഇന്ന് കാസര്‍കോഡ് സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിന്റെയും ശരത്ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.