കോഴിക്കോട്: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന ആരോപണം ഏറ്റെടുത്തതിനു പിന്നാലെ സി.പി.ഐ.എമ്മിനെതിരെ ഗുരുതരമായ ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതികള്‍ക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ സംരക്ഷണവും ഉറപ്പുവരുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
താന്‍ എസ്.ഡി.പി.ഐയാണു സംഭവത്തിനു പിന്നിലെന്ന് ആദ്യം പ്രതികരിക്കാതിരുന്നതിനെ വിമര്‍ശിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടായിരുന്നു മുല്ലപ്പള്ളിയുടെ ആദ്യ പ്രതികരണം. ആ ആരോപണം കൊടിയ കുറ്റബോധത്തില്‍ നിന്നുള്ള ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘തലശ്ശേരിയില്‍ മത്സരിച്ച കാലം മുതല്‍ കോടിയേരിയും ഈ സംഘടനയുമായുള്ള ബന്ധം അറിയാത്തവരല്ല മലയാളികള്‍. അഭിമന്യുവിനെ കുത്തിവീഴ്ത്തിയവര്‍ക്കു കുട പിടിക്കുന്ന സി.പി.ഐ.എമ്മിനും സര്‍ക്കാരിനും ഇങ്ങനെയേ പ്രതികരിക്കാനാവൂ. അവരെ കുറ്റം പറയാനാവില്ല.
എന്നും വര്‍ഗീയ വിഷപ്പാമ്പുകള്‍ക്ക് പാല് നല്‍കുന്ന പാരമ്പര്യമാണ് സി.പി.ഐ.എമ്മിനുള്ളത്. വസ്തുത ഇതായിരിക്കെ കൈരളി ചാനല്‍ ഉപയോഗിച്ച് തങ്ങളുടെ എസ്.ഡി.പി.ഐ ബന്ധം മറച്ചുവെയ്ക്കാന്‍ സി.പി.ഐ.എം നടത്തുന്ന ശ്രമം പാഴ്‌വേല മാത്രമാണ്.’- അദ്ദേഹം കുറ്റപ്പെടുത്തി.
അഭിമന്യുവിനു വീട് വെച്ചുനല്‍കാന്‍ പിരിച്ച കോടികളില്‍ നിന്നു നാമമാത്ര സഹായം മാത്രമാണ് ആ കുടുംബത്തിനു ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ മുന്‍പില്‍ ആണത്തത്തോടെ വെല്ലുവിളി നടത്താന്‍ കോടിയേരിയെയും മുഖ്യമന്ത്രിയെയും മുല്ലപ്പള്ളി ക്ഷണിക്കുകയും ചെയ്തു. പട്ടികള്‍ കുരച്ചാല്‍ സാര്‍ഥകസംഘം മുന്നോട്ടുപോകില്ലെന്ന് രാഷ്ട്രീയഭീരുക്കള്‍ ധരിക്കരുതെന്ന് മുല്ലപ്പള്ളി പറഞ്ഞു.