| Sunday, 9th August 2020, 4:18 pm

മാധ്യമങ്ങളുടെ മേല്‍ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുന്നത് സമനില തെറ്റിയത് കൊണ്ട് ; മുല്ലപ്പള്ളി രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമങ്ങളുടെ മേല്‍ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുന്നത് സമനില തെറ്റിയത് കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ചോദ്യം ചോദിക്കുകയല്ല മാധ്യമ ധര്‍മ്മമെന്നും നിര്‍ഭയവും സ്വതന്ത്രവുമായി സത്യങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കുക എന്നതാണ് മാധ്യമങ്ങളുടെ കടമയെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യകണ്ണിയായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിയ്ക്ക് വിനയായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ എന്തിനാണ് ഇത്ര ക്ഷുഭിതനാകുന്നത് എന്നും മുല്ലപ്പള്ളി ചോദിച്ചു.

മാധ്യമങ്ങളോട് എന്നും മുഖ്യമന്ത്രിയ്ക്ക് പുച്ഛവും അവജ്ഞയാണ്. നിറംപിടിപ്പിച്ച നുണകള്‍ പ്രചരിപ്പിക്കുന്ന ദേശാഭിമാനി മാത്രം വായിച്ചു വളര്‍ന്ന വ്യക്തിയില്‍ നിന്നും ഇത്തരമൊരു പെരുമാറ്റം തുടരെ ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

ചോദ്യങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. അഹങ്കാരവും ഗര്‍വ്വും ക്രോധവുമെല്ലാം ഫാസിസ്റ്റുകളുടെ രാഷ്ട്രീയ ശൈലിയാണ്. സ്റ്റാലിനിസ്റ്റായ മുഖ്യമന്ത്രിയുടെ തനിസ്വഭാവം എത്രശ്രമിച്ചാലും മാറ്റാന്‍ സാധ്യമല്ല. വിയോജിക്കുന്നവരോട് ദുര്‍മുഖം കാട്ടുന്നത് യഥാര്‍ത്ഥ രാഷ്ട്രീയമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുല്ലപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

അപ്രിയ ചോദ്യങ്ങളുടെ പേരില്‍ മാധ്യമങ്ങളുടെ മേല്‍ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുന്നത് സമനില തെറ്റിയത് കൊണ്ടാണ്.

മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ചോദ്യം ചോദിക്കുകയല്ല മാധ്യമ ധര്‍മ്മം. നിര്‍ഭയവും സ്വതന്ത്രവുമായി സത്യങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കുക എന്നതാണ് മാധ്യമങ്ങളുടെ കടമ. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യകണ്ണിയായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിയ്ക്ക് വിനയായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ എന്തിനാണ് ഇത്ര ക്ഷുഭിതനാകുന്നത്. ഇത്രയും നാള്‍ മുഖ്യമന്ത്രി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സംരക്ഷിച്ചു കൊണ്ടിരുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതില്‍ എന്താണ് തെറ്റുള്ളത്. മാധ്യമങ്ങളോട് എന്നും മുഖ്യമന്ത്രിയ്ക്ക് പുച്ഛവും അവജ്ഞയാണ്. നിറംപിടിപ്പിച്ച നുണകള്‍ പ്രചരിപ്പിക്കുന്ന ദേശാഭിമാനി മാത്രം വായിച്ചു വളര്‍ന്ന വ്യക്തിയില്‍ നിന്നും ഇത്തരമൊരു പെരുമാറ്റം തുടരെ ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ല.

രാഷ്ട്രീയ എതിരാളികളെ ശാരീരികമായി വകവരുത്തുന്ന പാരമ്പര്യമുള്ള ഒരു പാര്‍ട്ടിയുടെ മുഖ്യമന്ത്രിയില്‍ നിന്നും ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കാനില്ല. തന്റെ നിഴലിനെപ്പോലും മുഖ്യമന്ത്രിയ്ക്ക് വിശ്വാസമില്ല. അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്. കോടികള്‍ പൊടിച്ചുള്ള പി.ആര്‍. പ്രതിച്ഛായയില്‍ പടുത്തുയര്‍ത്തിയതാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പൊയ്മുഖം. അത് അധികകാലം നിലനിര്‍ത്തി കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയില്ലെന്ന് താന്‍ ആവര്‍ത്തിച്ച് പറഞ്ഞതാണ്. ഇല്ലാത്ത പ്രതിച്ഛായ സൃഷ്ടിച്ച മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ മുഖം ഓരോദിവസം കഴിയുമ്പോഴും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളെ കടക്കുപുറത്തെന്ന് ആക്രോശിച്ച് ആട്ടിപ്പുറത്താക്കിയ സംഭവം കേരളം ഒരിക്കലും മറക്കില്ല. ചോദ്യങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. അഹങ്കാരവും ഗര്‍വ്വും ക്രോധവുമെല്ലാം ഫാസിസ്റ്റുകളുടെ രാഷ്ട്രീയ ശൈലിയാണ്. സ്റ്റാലിനിസ്റ്റായ മുഖ്യമന്ത്രിയുടെ തനിസ്വഭാവം എത്രശ്രമിച്ചാലും മാറ്റാന്‍ സാധ്യമല്ല. വിയോജിക്കുന്നവരോട് ദുര്‍മുഖം കാട്ടുന്നത് യഥാര്‍ത്ഥ രാഷ്ട്രീയമല്ല

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mullappally Ramachandran against cm Pinarayi Vijayan

We use cookies to give you the best possible experience. Learn more