| Sunday, 1st November 2020, 1:10 pm

'നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമെങ്കില്‍ മാപ്പ്'; വിവാദമായതോടെ ഖേദപ്രകടനവുമായി മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്ത്രീവരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പരാമര്‍ശം വിവാദമായതോടെയാണ് ഖേദപ്രകടനവുമായി മുല്ലപ്പള്ളി രംഗത്തെത്തിയത്.

താന്‍ പറഞ്ഞത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായുള്ള വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സത്യഗ്രഹത്തിനിടെയായിരുന്നു മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം.

സോളാര്‍ കേസ് മുന്‍നിര്‍ത്തി സര്‍ക്കാര്‍ യു.ഡി.എഫിനെതിരെ നീങ്ങുന്നു എന്നാരോപിച്ചായിരുന്നു മുല്ലപ്പള്ളി വിവാദ പരാമര്‍ശം നടത്തിയത്.

സോളാര്‍ കേസ് പരാതിക്കാരിയെ യു.ഡി.എഫിനെതിരെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കരുതെന്ന് പറഞ്ഞതിന് ശേഷമായിരുന്നു മുല്ലപ്പള്ളി സോളാര്‍ കേസില്‍ പരാതി നല്‍കിയ സ്ത്രീയെ കടന്നാക്രമിച്ചത്.

”ആരെയാണിവര്‍ കൊണ്ടു വരാന്‍ പോകുന്നത്. ഓരോ ദിവസവും ഉറങ്ങിയെണീക്കുമ്പോള്‍ എന്നെയിതാ ബലാത്സംഗം ചെയ്തിരിക്കുന്നു എന്ന് പറയുകയാണ്. ബലാത്സംഗത്തിന് ഇരയായെന്ന് പറയുന്ന ഒരു സ്ത്രീയെ അണിയിച്ചൊരുക്കിക്കൊണ്ട് തിരശ്ശീലക്ക് പിന്നില്‍ നിര്‍ത്തിയിരിക്കുകയാണ്. എപ്പോഴാണ് ഞാന്‍ രംഗത്ത് വരേണ്ടതെന്ന് അവര്‍ ചോദിച്ച് കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രീ, ഈ കളി ഇവിടെ നടപ്പില്ല.

സര്‍ക്കാര്‍ മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ ഒരു അഭിസാരികയെകൊണ്ട് വന്ന് കഥപറയിക്കാമെന്നാണ് ആഗ്രഹമെങ്കില്‍ നടക്കില്ല. അത് കേരളം കേട്ട് മടുത്തതാണ്. നിരന്തരം പീഡിപ്പിച്ച് കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാണ് ഒരു സ്ത്രീ രംഗത്ത് വന്നിരിക്കുന്നത്,’ മുല്ലപ്പള്ളി പറഞ്ഞു.

ആത്മാഭിമാനമുണ്ടെങ്കില്‍ സര്‍ക്കാര്‍ അധികാരം വിട്ട് പോകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

‘ഒരു സ്ത്രീ ഒരു തവണ പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞാല്‍ മനസിലാക്കാം. അത് പിന്നീട് ആവര്‍ത്തിക്കില്ല. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒരിക്കല്‍ ബലാത്സംഗത്തിനിരയായാല്‍ ഒന്നുകില്‍ മരിക്കും, അല്ലെങ്കില്‍ പിന്നീട് ആവര്‍ത്തിക്കാതെ നോക്കും. സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗത്തിന് വിധേയയാക്കിക്കൊണ്ടിരിക്കുന്നു എന്ന് വിലപിച്ച് കൊണ്ടിരിക്കുന്ന സ്ത്രീയെ നിങ്ങള്‍ രംഗത്ത് കൊണ്ട് രംഗത്ത് വരാന്‍ പോകുന്നു. ആത്മാഭിമാനം ഉണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ തെറ്റുകള്‍ തുറന്ന് പറഞ്ഞ് അധികാരം വിട്ടു പോകണം,’ മുല്ലപ്പള്ളി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mullappally apologize for anti woman statement

We use cookies to give you the best possible experience. Learn more