| Friday, 4th December 2020, 9:50 am

കോണ്‍ഗ്രസ് ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ച മതേതര പാര്‍ട്ടി, വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യമില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വെല്‍ഫയര്‍ പാര്‍ട്ടുയുമായി സഖ്യമില്ലെന്നും  ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് മതേതര ജനാധിപത്യ പാര്‍ട്ടിയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്‌ലാമിയുമായുള്ള സഖ്യത്തിനു പിന്നില്‍ മുസ്‌ലിം ലീഗാണെന്നും യു.ഡി.എഫ് ഘടക കക്ഷിയായ മുസ്‌ലിം ലീഗ് അത്തരമൊരു സഖ്യത്തിനു ശ്രമിച്ചാല്‍ കോണ്‍ഗ്രസ്സിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

” ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു സഖ്യവും പാടില്ലെന്നാണ് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി തീരുമാനിച്ചത്. കോണ്‍ഗ്രസ് ഒരു ദേശീയ പാര്‍ട്ടിയാണ്. ദേശീയ നയത്തില്‍ വെള്ളം ചേര്‍ക്കാന്‍ സംസ്ഥാനത്തിനാവില്ല,” അദ്ദേഹം പറഞ്ഞു.

അതേസമയം, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കും മലപ്പുറത്തെ വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കും ഒപ്പമുള്ള മുല്ലപ്പള്ളിയുടെ ഫോട്ടോയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താന്‍ അങ്ങനെയൊരു ഫോട്ടോ ഇട്ടിരുന്നോ എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

” എന്റെ ഫേസ്ബുക്ക് പേജിലോ, ഞാന്‍ ഇട്ടിരിക്കുന്നോ? ഒന്ന് കാണിക്കാമോ?’ എന്നായിരുന്നു മുല്ലപ്പള്ളി ചോദിച്ചത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ചിത്രം കാണിച്ചപ്പോള്‍ താന്‍ അറിയാതെയാണെന്നായിരുന്നു മറുപടി. ആ ചടങ്ങില്‍ ഇക്കാര്യം തന്റെ ശ്രദ്ധയില്‍ ആരും കൊണ്ടുവന്നില്ലെന്നും ഗുരുതരമായ വീഴ്ചയാണെന്നും പറഞ്ഞ മുല്ലപ്പള്ളി കോണ്‍ഗ്രസുമായി ആ സ്ഥാനാര്‍ത്ഥിക്ക് യാതൊരുബന്ധവുമില്ലെന്നും വിശദീകരിച്ചു.

” ഇപ്പോള്‍ ഞാന്‍ പ്രഖ്യാപിക്കുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി യാതൊരു ബന്ധവും ആ സ്ഥാനാര്‍ത്ഥിക്ക് ഉണ്ടാവുകയില്ല,” മുല്ലപ്പള്ളി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mullappally against Welfare party

We use cookies to give you the best possible experience. Learn more