തിരുവനന്തപുരം: ശശി തരൂര്‍ എം.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്തിന് വേണ്ടിയാണ് തരൂര്‍ മോദിയെ സ്തുതിക്കുന്നതെന്ന് മനസിലാകുന്നില്ല.
തരൂരിന്റെ നടപടി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. തരൂരിനെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവസര സേവകന്മാരെ സ്വീകരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത് പലപ്പോഴും പാര്‍ട്ടിക്ക് ബാധ്യത ആയിട്ടുമുണ്ട്. ഇനി അത്തരമൊരു ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറല്ല. എ.പി അബ്ദുള്ളക്കുട്ടി ഉദാഹരണമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു.
മാനസാന്തരം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ ശശി തരൂര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരാഴ്ചക്കിടെയാണ് മനം മാറ്റമുണ്ടായത്. നിരവധി നേതാക്കളാണ് പരാതിയുമായി നേതൃത്വത്തെ സമീപിച്ചിട്ടുള്ളത്. ശശി തരൂരിനെ പോലെ അച്ചടക്കം ലംഘിക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
മോദി നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണമെന്നും എല്ലാ സമയത്തും കുറ്റം പറഞ്ഞ് കൊണ്ടിരുന്നാല്‍ ആളുകള്‍ നമ്മളെ വിശ്വസിക്കാന്‍ പോകുന്നില്ലെന്നുമാണ് ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.
മോദി ചെയ്ത ചില കാര്യങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇടംനേടിയിട്ടുണ്ട്. അദ്ദേഹം ബി.ജെ.പിയുടെ മാത്രമല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. കുറ്റംപറയാന്‍ നിരവധി കാര്യങ്ങളുണ്ട് എന്നിരിക്കെ തന്നെ നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കുകയും വേണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
100ല്‍ 99 തെറ്റുകള്‍ ചെയ്താലും ഒരു ശരിയുണ്ടെങ്കില്‍ അത് പറഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ നമ്മുടെ വിശ്വാസ്യത ചോദ്യം ചെയ്യുമെന്നാണ് ശശി തരൂര്‍ പറഞ്ഞത്. ജയറാം രമേശും അഭിഷേക് സിങ്വിയും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തിയതോടെ തന്നോളം മോദിയെ വിമര്‍ശിച്ച മറ്റാരും ഉണ്ടാകില്ലെന്നും പ്രസ്താവന തിരുത്തേണ്ട ഒരു കാര്യവും ഇല്ലെന്നും തരൂര്‍ പറഞ്ഞിരുന്നു.
തരൂരിനെതിരെ നടപടി ആവശ്യം ശക്തമായതോടെയാണ് വിശദീകരണം ചോദിക്കാന്‍ കെ.പി.സി.സി തീരുമാനിച്ചത്.