തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ വെള്ളപൂശാനാണ് കോടിയേരി ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. സി.എ.ജി റിപ്പോര്‍ട്ടില്‍ അഴിമതിയെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന വാദം വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ടില്‍ അഴിമതിയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കണ്ടുപിടിത്തം വിചിത്രമാണ്. സി.എ.ജി റിപ്പോര്‍ട്ടില്‍ അടിമുടി അഴിമതി മാത്രമാണ്. അനുമതി ഇല്ലാതെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് 41 കാറുള്‍ വാങ്ങിയതും വകമാറ്റി അവര്‍ക്ക് വില്ലകള്‍ പണിതതും ഗാലക്സോണ്‍ കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്‍കിയത് ഉള്‍പ്പെടെയുള്ള നിരവധി അഴിമതിയാണ് റിപ്പോര്‍ട്ടിലുള്ളത്. 25 ഇന്‍സാസ് റൈഫിളും 12061 വെടിയുണ്ടകളും കാണാതായത് അതീവ ഗുരുതമായ സുരക്ഷാപ്രശ്നമാണെന്നും മുല്ലപ്പള്ളി അരോപിച്ചു.
യു.എ.പി.എ കേസില്‍ അലനും താഹയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടവരും വെറുക്കപ്പെട്ടവരുമാണെങ്കില്‍ പിന്നെന്തിനാണ് കേസ് എന്‍.ഐ.എ തിരികെ നല്‍കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയതെന്നും അദ്ദേഹം ചോദിച്ചു.
പൊലീസിനെതിരെയുള്ള സി.എ.ജി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സംസ്ഥാന ആഭ്യന്തരവകുപ്പിനേയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ച് മുല്ലപ്പള്ളി നേരത്തേയും രംഗത്തെത്തിയിരുന്നു.
നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും ആ ധാരണ പ്രകാരമാണ് ലോക്നാഥ് ബെഹ്റ ഡി.ജി.പി ആയതെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേരള പൊലീസിന്റെ വെടിയുണ്ടകള്‍ നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ലെന്ന് കോടിയേരി പറഞ്ഞതിന് പിന്നാലെയാണ് വീണ്ടും വിമര്‍ശനവുമായി മുല്ലപ്പള്ളി രംഗത്തെത്തിയത്.
യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്നും അലനേയും താഹയേയും സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കിയെന്നും കോടിയേരി പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ