2021ലെ തോല്‍വി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ വിജയമല്ല; കോണ്‍ഗ്രസിന്റെ പോരായ്മ: മുല്ലപ്പള്ളി
Kerala News
2021ലെ തോല്‍വി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ വിജയമല്ല; കോണ്‍ഗ്രസിന്റെ പോരായ്മ: മുല്ലപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd July 2023, 1:27 pm

തിരുവനന്തപുരം: 2021 ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി വിജയിച്ചത് കോണ്‍ഗ്രസിന്റെ ചില പോരായ്മ കൊണ്ടാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനവിധികളൊക്കെ കോണ്‍ഗ്രസ് നന്നായിട്ട് വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാഗില്‍ സംസാരിക്കവെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശം.

‘ജനവിധികളൊക്കെ കോണ്‍ഗ്രസ് നന്നായിട്ട് വിലയിരുത്തിയിട്ടുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും തമ്മിലുള്ള വോട്ടിന്റെ വ്യത്യാസം 0.26 ശതമാനമാണ്. ചില പെര്‍മിറ്റേഷന്‍സിലും കോമ്പിനേഷന്‍സിലും ഉണ്ടായ വീഴ്ചയാണ് പരാജയത്തിന്റെ കാരണമായി ഞാന്‍ കാണുന്നത്. ഞാനൊരു പോസ്റ്റമോര്‍ട്ടം നടത്താന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതൊന്നും പറയുന്നത് പാര്‍ട്ടിക്ക് ഗുണമല്ലെന്ന ഒറ്റ കാരണം കൊണ്ട് അക്കാര്യങ്ങള്‍ ഞാന്‍ പറയുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എനിക്കെന്ത് മാനസിക പ്രയാസമുണ്ടായി, എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് ഞാന്‍ പറയാന്‍ തയ്യാറല്ല. കമ്മ്യൂണിസ്റ്റ് മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ഒരു വിജയവുമല്ല അത്. കോണ്‍ഗ്രസിന്റെ ചില പോരായ്മ കൊണ്ട് മാത്രമാണ് പരാജയപ്പെട്ടതെന്ന് വിശ്വസിക്കാനാണ് എന്റെ മനസ് പറയുന്നത്,’ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെയും മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശനമുന്നയിച്ചു. പാര്‍ട്ടിയില്‍ ഏറ്റവും എളുപ്പം ഒരു ഗ്രൂപ്പ് നേതാവ് ആകാനാണെന്നും ഒരു നേതാക്കളെ ചുറ്റിപ്പറ്റിയുള്ള ഗ്രൂപ്പുകള്‍ അശ്ലീലമാണെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ട്ടിയില്‍ ഏറ്റവും എളുപ്പം ഒരു ഗ്രൂപ്പ് നേതാവ് ആകാനാണ്. അപ്പോള്‍ നമ്മള്‍ പല വിട്ടുവീഴ്ചകളും ചെയ്യാന്‍ തയ്യാറാകേണ്ടി വരും. അതിന് ക്വാളിറ്റി ഒരു പ്രശ്‌നമേയല്ല. ഒരു വ്യക്തിയെ ചുറ്റിപ്പറ്റി കൊണ്ട് ഒരു ഗ്രൂപ്പെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അര്‍ത്ഥ രഹിതമാണത്. അതൊരു രാഷ്ട്രീയ അശ്ലീലമാണ്, അത് ശരിയല്ല. നിങ്ങള്‍ക്ക് ആശയപരമായി ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടോ, അതിന്റെ പേരില്‍ ഒരു ഗ്രൂപ്പിങ് മനസിലാക്കാം. അതല്ലാതെ ഏതെങ്കിലും നേതാവിനെ ചുറ്റിപ്പറ്റികൊണ്ടുള്ള ഗ്രൂപ്പ് ശരിയല്ല. കുറേ മുഖ്യസ്തുതിക്കാരെ വെച്ചുകൊണ്ട് പോകാന്‍ സാധ്യമല്ല കോണ്‍ഗ്രസിന്. കോണ്‍ഗ്രസ് ഒരു വലിയ പാര്‍ട്ടിയാണ്,’ അദ്ദേഹം പറഞ്ഞു.

Content Highlights: Mullappalli ramachandran criticise group in the party