സി.ഒ.ടി നസീറിനെ ആക്രമിച്ചതിന് പിന്നില്‍ സി.പി.ഐ.എം; ഉണ്ടായത് ടി.പി ചന്ദ്രശേഖന്റെ അതേ അനുഭവം: മുല്ലപ്പള്ളി രാമചന്ദ്രന്‍
കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ ആക്രമിച്ചതിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന്
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.ഐ.എമ്മിന്റെ തെറ്റായ നയങ്ങള്‍ തുറന്ന് കാണിക്കാന്‍ ശ്രമിച്ച ടി.പി ചന്ദ്രശേഖരന് ഉള്‍പ്പടെ ഉണ്ടായ അനുഭവമാണ് സി.ഒ.ടി നസീറിനും ഉണ്ടായിരിക്കുന്നതെന്നും നടപടി അധിക്ഷേപാര്‍ഹമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സി.ഒ.ടി നസീറിനെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിതവും സംഘടിതവുമായ ശ്രമം സി.പി.ഐ.എം നടത്തിയിരുന്നെന്നും പാര്‍ട്ടിക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന സ്റ്റാലിനിസ്റ്റ് നിലപാടിന്റെ തുടര്‍ച്ചയാണ് നസീറിന് നേരെയുണ്ടായ ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.ഐ.എം അക്രമത്തിന്റെ പാതയില്‍ നിന്നും ഒരടിപോലും പിന്നോട്ട് പോകില്ലെന്നതിന്റെ തുറന്ന പ്രഖ്യാപനമാണിത്. എതിര്‍പ്പിന്റെ ശബ്ദം ഏത് ഭാഗത്ത് നിന്നും ഉയര്‍ന്നാലും അടിച്ചമര്‍ത്തുകയെന്നതാണ് സി.പി.ഐ.എം നിലപാട്. മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടേയും തട്ടകമായ തലശ്ശേരിയില്‍ സംഘടിതവും ആസൂത്രിതവുമായി വാടക കൊലയാളികളെ ഉപയോഗിച്ച് നസീറിനെ വധിക്കാനാണ് ശ്രമിച്ചത്. ഇത് ഒരിക്കലും ന്യായീകരിക്കാന്‍ സാധ്യമല്ല. സി.പി.ഐഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തോടുള്ള ഇടതു മുന്നണിയിലെ ഘടകകക്ഷികളുടെ നിലപാട് വ്യക്തമാക്കണം. മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
തലശ്ശേരിയില്‍ വച്ചായിരുന്നു സി.ഒ.ടി നസീറിന് നേരെ അക്രമം നടക്കുന്നത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.
നേരത്തേയും സി.ഒ .ടി നസീറിന് നേരെ അക്രമം നടന്നിട്ടുണ്ട്. മുന്‍പ് വടകര മേപ്പയൂരില്‍ വച്ചാണ് ആക്രമണം നടന്നത്.സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് സി.ഒ.ടി നസീര്‍ പറഞ്ഞിരുന്നു.
മുന്‍ സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ തലശ്ശരി നഗരസഭാംഗവുമായിരുന്നു സി.ഒ.ടി നസീര്‍. മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതികൂടിയാണ് സി. ഒ. ടി നസീര്‍.