ബെഹ്റ ബ്രിട്ടണില്‍ പോയി തിരിച്ചുവന്നതാണ്, അദ്ദേഹത്തെ ആരെങ്കിലും നിരീക്ഷണത്തില്‍ വെച്ചുവോ?; സര്‍ക്കാരിനോട് ആരാഞ്ഞ് മുല്ലപ്പള്ളി
Kerala News
ബെഹ്റ ബ്രിട്ടണില്‍ പോയി തിരിച്ചുവന്നതാണ്, അദ്ദേഹത്തെ ആരെങ്കിലും നിരീക്ഷണത്തില്‍ വെച്ചുവോ?; സര്‍ക്കാരിനോട് ആരാഞ്ഞ് മുല്ലപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th March 2020, 7:07 pm

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതിനിടെ ബ്രിട്ടനില്‍ പോയിവന്ന ലോക്‌നാഥ് ബെഹ്‌റയെ നിരീക്ഷണത്തില്‍ വെച്ചിരുന്നോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍.

രോഗ ബാധിത മേഖലയില്‍ പോയി മടങ്ങിയെത്തിയ പൊലീസ് മേധാവി നിരവധി പൊതു പരിപാടികളില്‍ പങ്കെടുത്തുവെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടില്‍ 10,000ത്തിലേറെ പേര്‍ക്ക് രോഗബാധ പിടിപെട്ടതായി സംശയിക്കുന്നുണ്ടെന്നും 800ഓളം പേര്‍ക്ക് സ്ഥിരീകരിച്ചുവെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ പറഞ്ഞു.

റാന്നിയിലെ കുടുംബം റിപ്പോര്‍ട്ടുചെയ്യാത്തതിനെ വിമര്‍ശിക്കുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും ബാധകമായ നിബന്ധന ബ്രിട്ടീഷ് പര്യടനം കഴിഞ്ഞെത്തിയ പൊലീസ് മേധാവിയ്ക്ക് ബാധകമായിട്ടുണ്ടോ എന്ന ആശങ്കയാണ് ഉയരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം

 

കൊവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കെ മാര്‍ച്ച് 3 മുതല്‍ 5വരെ ബ്രിട്ടനില്‍ പര്യടനം നടത്തിയശേഷം മടങ്ങിയെത്തിയ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയെ നിരീക്ഷണത്തില്‍ വച്ചുവോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

രോഗബാധിത മേഖലയില്‍ നിന്നു മടങ്ങിയെത്തിയ പോലീസ് മേധാവി നിരവധി പരിപാടികളില്‍ പങ്കെടുത്തതായി പറയപ്പെടുന്നു. 10,000ലേറെപ്പേര്‍ക്കാണ് ഇംഗ്ലണ്ടില്‍ രോഗബാധ സംശയിക്കുന്നത്. എണ്ണൂറോളം പേര്‍ക്ക് സ്ഥിരീകരിച്ചുകഴിഞ്ഞു. അവിടത്തെ ആരോഗ്യമന്ത്രിക്ക് കൊവിഡ് 19 പിടിപെട്ടു. പ്രധാനമന്ത്രിയുടെ വസതിയടക്കം നിരീക്ഷണത്തിലാണ്. കേരളത്തിലെത്തിയ വിദേശപൗരന് ഇതിനകം രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന് നിര്‍ബന്ധിത നിരീക്ഷണം ഏര്‍പ്പെടുത്തിയെങ്കിലും അവിടെ നിന്ന് ചാടിപ്പോയത് വിവാദമായിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ച് 4 മുതല്‍ യൂണിവേഴ്സല്‍ സ്‌ക്രീനിംഗ് ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തില്‍ ഉള്‍പ്പെടെ എത്തിയിട്ടുള്ള എല്ലാ വിദേശപൗരന്മാരും, വിദേശത്ത് നിന്ന് തിരികെയെത്തിയ ഇന്ത്യക്കാരും നിരീക്ഷണത്തിലായിരിക്കണം. എല്ലാവര്‍ക്കും ബാധകമായ ഈ നിബന്ധന ബ്രട്ടീഷ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ പോലിസ് മേധാവിക്കു ബാധകമാക്കിയിട്ടുണ്ടോ എന്ന ആശങ്കയാണ് ഉയരുന്നത്.

ഇറ്റലിയില്‍നിന്നു തിരികെയെത്തിയ റാന്നിയിലെ കുടുംബം യാതൊരുവിധ മുന്നറിയിപ്പോ സൗകര്യങ്ങളോ ഏര്‍പ്പെടുത്താതിരുന്ന നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്കു പോയപ്പോള്‍ അവര്‍ നാടിനെ വഞ്ചിച്ചുവെന്നാണ് ആരോഗ്യമന്ത്രിയും സര്‍ക്കാരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പ്രൈം ടൈമില്‍ വാര്‍ത്താ സമ്മേളനം നടത്തുന്ന മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സാമൂഹ്യബോധവും കടമയും പ്രകടിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തുടരെ തുടരെ പറയുന്നത്. അങ്ങനെയെങ്കില്‍ ഡിജിപിയെ നിരീക്ഷിക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്ന് വ്യക്തമാക്കണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ