കൊച്ചി: ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതില്‍ കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജയിനിനെ മാറ്റില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സൗമിനി ജെയിനിനെ മേയര്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ഐ ഗ്രൂപ്പിന്റെ നീക്കമാണ് പരാജയപ്പെട്ടത്.
എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തില്‍ മേയറെ മാത്രം പഴിചാരി രക്ഷപ്പെടേണ്ടതില്ല എന്നും മേയറെ മാത്രമായി ബലിമൃഗമാക്കാനാവില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
വിജയമായാലും പരാജയമായാലും അത് ഒരാളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും എല്ലാവര്‍ക്കും ബാധകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കൊച്ചി മേയറെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒളിയമ്പെയ്യുന്നവര്‍ക്കു നേരെ തന്നെ അത് പതിക്കുമെന്നതോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്തെ മോശം പ്രകടനത്തെ തുടര്‍ന്ന് തന്നെ ഒറ്റയ്ക്ക് ആക്രമിക്കുന്നുവെന്ന് സൗമിനി ജെയിന്‍ മുല്ലപ്പള്ളിക്ക് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളി മറുപടിയുമായി രംഗത്തെത്തിയത്. അടുത്ത ഒരുവര്‍ഷം കൂടി സൗമിനി ജെയിന്‍ തന്നെയായിരിക്കും കോര്‍പ്പറേഷന്‍ മേയര്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളത്ത് 10000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിന് 3750 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനോടു ബന്ധപ്പെട്ട് നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങളും റോഡിന്റെ ശോചനീയാവസ്ഥയും ഉയര്‍ന്നു വന്നത്. കോര്‍പ്പറേഷന്റെ ഭരണപരാജയമാണ് ഇതിന് കാരണമെന്നായിരുന്നു ഐ ഗ്രൂപ്പുള്‍പ്പെടെയുള്ളവര്‍ ആരോപിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സൗമിനി ജെയിനിനെ നീക്കണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. സൗമിനി ജെയിന്‍ രാജി വെക്കണമെന്ന ആവശ്യത്തെ ഐ ഗ്രൂപ്പിനൊപ്പം എ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളും പിന്തുണച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാജി സന്നദ്ധത താന്‍ അറിയിച്ചിട്ടില്ലെന്നും പാര്‍ട്ടി തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സൗമിനി ജെയിന്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായത് നഗരസഭയുടെ വീഴ്ചകൊണ്ടല്ലെന്നും അവര്‍ വ്യക്തമാക്കി.