| Saturday, 7th November 2020, 5:17 pm

അഴിമതിക്കെതിരെ ഒരു വോട്ട് എന്നായിരിക്കും യു.ഡി.എഫിന്റെ മുദ്രാവാക്യം: മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഴിമതിക്കെതിരെ ഒരു വോട്ട് എന്നായിരിക്കും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രചാരണ മുദ്രാവാക്യം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അര്‍ഹമായ തുക ഈ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യപ്പെടേണ്ട സര്‍ക്കാര്‍ പദ്ധതികളില്‍ വന്‍തട്ടിപ്പും വെട്ടിപ്പുമാണ്’, മുല്ലപ്പള്ളി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണ്. മതനിരപേക്ഷ തത്വങ്ങള്‍ മോദി സര്‍ക്കാര്‍ ലംഘിക്കുന്നു. ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നിര്‍ത്തുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

‘യുവജനങ്ങള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും പ്രതിനിധ്യം നല്‍കും. എന്നാല്‍, സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കില്ല. വിമതരെ പ്രോത്സാഹിപ്പിക്കില്ല. തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഉടന്‍ പുറത്തിറക്കും’, മുല്ലപ്പള്ളി പറഞ്ഞു.

ഘടകകക്ഷികളുമായി മാത്രമേ സീറ്റ് ധാരണ ഉണ്ടാകൂവെന്നും മറ്റാരുമായും ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആരെങ്കിലും പിന്തുണക്കുകയോ സഹായിക്കുകയോ ചെയ്യുന്നത് എങ്ങനെ തടയാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സര്‍ക്കാരിന്റെ കൊവിഡ് പോരാട്ടം വന്‍ പരാജയമാണെന്നും വികസനം ഇടതിന്റെ അജണ്ടയേയല്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഇത്തവണ യു.ഡി.എഫ് ചരിത്രവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mullappallay Ramachandran Local Body Election UDF

We use cookies to give you the best possible experience. Learn more