[] ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ പുന:പരിശോധനാ ഹരജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് കേരളത്തിന്റെ പുന:പരിശോധന ഹരജി. പുന:പരിശോധനാ ഹരജി ജഡ്ജിമാരുടെ ചേംബറില്‍ തീര്‍പ്പാക്കുന്നതിനു പകരം പരസ്യവാദം വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമിന്റെ സുരക്ഷ, കേരളവും തമിഴ്‌നാടും തമ്മിലുള്ള ജലംപങ്കുവയ്ക്കല്‍ കരാറിന്റെ സാധുത എന്നീ വിഷയങ്ങളിലൂന്നിയാവും കേരളത്തിന്റെ വാദം.
ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്തി കേരള നിയമസഭ പാസാക്കിയ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ മെയില്‍ സുപ്രീംകോടതി വിധിക്കുകയും അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കുകയും ചെയ്തിരുന്നു.
ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, അണക്കെട്ട് സുരക്ഷിതമല്ലെന്ന കേരളത്തിന്റെ ആശങ്കകള്‍ അടിസ്ഥാനമില്ലാത്തതാണെന്നു വ്യക്തമാക്കി. പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താമെന്നും അണക്കെട്ട് ബലപ്പെടുത്തിയശേഷം അത് 152 അടിയാക്കാമെന്നുമുള്ള 2006 ഫെബ്രുവരി 27ലെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് ഭരണഘടനാ ബെഞ്ച് പൂര്‍ണമായി ശരിവെക്കുകയും ചെയ്തു.