ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മേല്‍നോട്ട സമിതി സുപ്രീംകോടതിയില്‍. കേരളത്തിന്റെ വിയോജനക്കുറിപ്പോടെയാണ്, റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് സമിതി അറിയിച്ചു.
കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. സമിതി റിപ്പോര്‍ട്ടില്‍ പ്രതികരണം അറിയിക്കാന്‍ കേരളം സമയം തേടിയതിനെത്തുടര്‍ന്നാണിത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കാന്‍ മേല്‍നോട്ട സമിതിയോട് കോടതി നിര്‍ദേശിച്ചിരുന്നു, ഇതനുസരിച്ചാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്.
ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. പ്രദേശത്ത് കൂടുതല്‍ മഴ പെയ്താല്‍ ജലനിരപ്പ് ഉയരുമെന്നും അതു സുരക്ഷാ ഭീഷണി ഉണ്ടാക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി.
അതേസമയം അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുകയാണെന്ന് തമിഴ്നാടിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇക്കാര്യത്തിലെ ഭീതി അസ്ഥാനത്താണെന്നും തമിഴ്‌നാട് കോടതിയെ അറിയിച്ചു.
നിലവിലെ ജലനിരപ്പ് 137.7അടിയായതിനാല്‍ ആശങ്കയ്ക്കു വകയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ സുരക്ഷ പ്രധാനമാണ്. 2016ലെ അവസ്ഥ ആയിരിക്കില്ല, 2021ല്‍ എന്നും കോടതി പറഞ്ഞു.
മുല്ലപ്പെരിയാര്‍ പരിസരത്ത് വലിയ മഴ ലഭിക്കുന്നുണ്ടെന്നും ഇനിയുള്ള ദിവസങ്ങളില്‍ മഴ കൂടാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനങ്ങളെന്നും അതുകൊണ്ട് ജലനിരപ്പ് 139 അടിയ്ക്ക് മുകളിലേക്ക് ഉയരുന്ന സാഹചര്യം ഉണ്ടാകരുതെന്നുമായിരുന്നു കേരളം ആവശ്യപ്പെട്ടത്.
ജലനിരപ്പ് 137 അടിയാക്കി നിര്‍ത്തണമെന്നും, ബാക്കി വെള്ളം തമിഴ്നാട് കൊണ്ടുപോകണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്.
പ്രകൃതി ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജലനിരപ്പ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ ഭയം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Mullaperiyar Supreme Court Kerala Tamilnadu