മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ രാത്രിയില്‍ വീണ്ടും തുറന്നു: പെരിയാര്‍ തീരത്ത് ജാഗ്രത
Kerala News
മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ രാത്രിയില്‍ വീണ്ടും തുറന്നു: പെരിയാര്‍ തീരത്ത് ജാഗ്രത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th December 2021, 7:51 am

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ രാത്രിയില്‍ വീണ്ടും തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായതോടെയാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്നുവിട്ടത്.

ഇപ്പോള്‍ അണക്കെട്ടിന്റെ എട്ട് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. 5600 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുന്നത്.

കഴിഞ്ഞ ദിവസം രാത്രി ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുകയായിരുന്നു. ഷട്ടറുകള്‍ ഉയര്‍ത്തി പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ് സംഭവിച്ചിരുന്നു. ഇതോടെ സ്പില്‍വേയിലെ ഷട്ടറുകള്‍ താഴ്ത്തിയിരുന്നു. എന്നാല്‍ രാത്രിയോടെ കേരളത്ത അറിയിക്കാതെ സ്പില്‍വേയിലെ മൂന്നു ഷട്ടര്‍ കൂടെ തമിഴ്‌നാട് ഉയര്‍ത്തിയിരുന്നു.

അണക്കെട്ടില്‍ നിന്ന് 1687 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോയിരുന്നത്. സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തുകയും തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.

അതേസമയം, രണ്ട് തവണയായി തമിഴ്‌നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്നിരുന്നു. രാത്രിയില്‍ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെയായിരുന്നു തമിഴ്‌നാടിന്റെ പ്രവൃത്തി.

ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്ത് നല്‍കിയിരുന്നു.

അര്‍ധരാത്രിയില്‍ മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറക്കുന്നത് പെരിയാര്‍ തീരത്ത് താമസിക്കുന്നവരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlights: Mullaperiyar shutters open at night: Vigilance on Periyar shores