| Tuesday, 26th October 2021, 8:38 am

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴക്കമുള്ളതാണ്. പുതിയ അണക്കെട്ട് വേണം. വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നതില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കോടതി ഇടപെടണം എന്ന അഭിപ്രായവും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും ഇരുസംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തണമെന്നും സുപ്രീം കോടതി പറഞ്ഞു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കേണ്ട അടിയന്തര സാഹചര്യമുണ്ടോയെന്ന് സുപ്രീം കോടതി. മേല്‍നോട്ട സമിതി ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.

ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്നാണ് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജയദീപ് ഗുപ്ത ആവശ്യപ്പെട്ടത്. മുല്ലപ്പെരിയാര്‍ പരിസരത്ത് വലിയ മഴ ലഭിക്കുന്നുണ്ടെന്നും ഇനിയുള്ള ദിവസങ്ങളില്‍ മഴ കൂടാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനങ്ങളെന്നും അതുകൊണ്ട് ജലനിരപ്പ് 139 അടിയ്ക്ക് മുകളിലേക്ക് ഉയരുന്ന സാഹചര്യം ഉണ്ടാകരുതെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Mullaperiyar needs a new dam – Governor Arif Mohammad Khan

We use cookies to give you the best possible experience. Learn more