മുല്ലപ്പെരിയാര്‍: ഷട്ടറുകള്‍ രാത്രിയില്‍ തുറക്കുന്ന തമിഴ്‌നാടിന്റെ രീതി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
Kerala News
മുല്ലപ്പെരിയാര്‍: ഷട്ടറുകള്‍ രാത്രിയില്‍ തുറക്കുന്ന തമിഴ്‌നാടിന്റെ രീതി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th December 2021, 10:03 pm

തൊടുപുഴ: ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഒമ്പത് ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ അധികമായാണ് ഉയര്‍ത്തിയത്.

ഇതോടെ, 12654.09 ക്യുസെക്‌സ് ജലമാണ് പെരിയാറിലേക്കെത്തുന്നത്. ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പെരിയാറിന്റെ തീരത്തു ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പലയിടത്തും ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ രാത്രിയില്‍ തുറക്കുന്ന തമിഴ്‌നാടിന്റെ രീതി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.

തമിഴ്‌നാട് വന്‍തോതില്‍ മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നു വിടുന്നതിന്റെ പാശ്ചാത്തലത്തില്‍ വണ്ടിപ്പെരിയാറിലേക്ക് എത്തുകയാണ്. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് 12654 ഘനയടി വെള്ളം ആണ് തുറന്നുവിടുന്നത്. 9 ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സാധാരണയിലും കൂടുതല്‍ വെളളം തുറന്ന് വിടുന്നതിനാല്‍ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങി.

കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗര്‍, നല്ല്തമ്പി കോളനി എന്നിവിടങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതായി പീരുമേട് തഹസീല്‍ദാര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Mullaperiyar: Minister Roshi Augustine says Tamil Nadu’s practice of opening shutters at night is unacceptable.